നിരോധിത ഭക്ഷ്യവസ്തുക്കള്‍ കുവൈത്തിലെത്തിയതിനു വിശദീകരണം തേടി
|ഇറക്കുമതി നിരോധം നിലവിലുള്ള മൽസ്യ മാംസാദികൾ വിപണിയിൽ എത്തിയത് സംബന്ധിച്ച് വിശദീകരണം നൽകണമെന്നാണ് മുൻസിപ്പാലിറ്റി ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടത്
നിരോധിത ഭക്ഷ്യവസ്തുക്കൾ കുവൈത്തിലെത്തിയതിനു വിശദീകരണം തേടി മുനിസിപ്പാലിറ്റി . ഇറക്കുമതി നിരോധം നിലവിലുള്ള മൽസ്യ മാംസാദികൾ വിപണിയിൽ എത്തിയത് സംബന്ധിച്ച് വിശദീകരണം നൽകണമെന്നാണ് മുൻസിപ്പാലിറ്റി ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടത് .
ഇന്ത്യയിൽ നിന്നുള്ള ശീതീകരിച്ച ചെമ്മീൻ , അമേരിക്ക, ഇറ്റലിഎന്നിവിടങ്ങളിൽ നിന്നുള്ള മാട്ടിറച്ചി മാംസ ഉൽപന്നങ്ങൾ എന്നിവ ഇറക്കുമതി ചെയ്യുന്നതിന് കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം നിരോധം ഏർപ്പെടുത്തിയിരുന്നു . നിരോധം നിലനിൽക്കുമ്പോൾ തന്നെ ഇന്ത്യൻ ചെമ്മീൻ ഉൾപ്പെടെ വിപണിയിൽ സുലഭമായി ലഭിക്കുന്ന സാഹചര്യത്തിലാണ് മുനിസിപാലിറ്റി ഡയറക്ടർ ജനറൽ എഞ്ചിനീയർ അഹമ്മദ് അൽ മൻഫൂഹി വിവിധ വകുപ്പുകളോട് വിശദീകരണമാവശ്യപ്പെട്ടത്. ഇത്തരം ഉത്പന്നങ്ങൾ രാജ്യത്തെത്തിയതെങ്ങിനെയെന്നു രണ്ടാഴ്ചക്കുള്ളിൽ വിശദീകരിക്കണമെന്നാണ് ബന്ധപ്പെട്ട വകുപ്പുകൾക്ക് നൽകിയ നിർദേശം . വിശദമായ അന്വേഷണം നടത്തി കുറ്റകാരെകണ്ടെത്തുന്നതിനായി വിഷയം പബ്ലിക് പ്രോസിക്യൂഷാനു കൈമാറിയിട്ടുണ്ട് .
ഇന്ത്യയിൽ നിന്നുള്ള ശീതീകരിച്ച ചെമ്മീനും യു എസ് ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ള മാട്ടിറച്ചിക്കും ഇറക്ക് മതി നിരോധം ഏർപ്പെടുത്തിയ കാര്യം ബോർഡർ ചെക്ക് പോയിന്റുകളിൽ അറിയിക്കാൻ വൈകിയതാണ് നിരോധം നിലനിൽക്കെ ഇവ രാജ്യത്തെത്താൻ കാരണമായി വിലയിരുത്തപ്പെടുന്നത് . ഉദ്യോഗസ്ഥ തല അലംഭാവം ഇക്കാര്യത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും മുനിസിപ്പൽ മേധാവി അറിയിച്ചു മുനിസിപ്പാലിറ്റിയുടെ ഭക്ഷ്യ ഇറക്കുമതി വിഭാഗത്തിന്റെ അനുമതി ഇല്ലാതെയാണ് ഇവ കുവൈത്തിലെത്തിയതെന്നും ഇക്കാര്യം ഗൗരവത്തിലെടുക്കുമെന്നും മുനിസിപ്പൽ കൗൺസിലർ ഡോ ഹസ്സൻ കമാൽ പറഞ്ഞു.