Gulf
ഗള്‍ഫ്​ പ്രതിസന്ധി; യുഎസ്​ സ്റ്റേറ്റ്​ സെക്രട്ടറിയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയും ഫലം കണ്ടില്ലഗള്‍ഫ്​ പ്രതിസന്ധി; യുഎസ്​ സ്റ്റേറ്റ്​ സെക്രട്ടറിയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയും ഫലം കണ്ടില്ല
Gulf

ഗള്‍ഫ്​ പ്രതിസന്ധി; യുഎസ്​ സ്റ്റേറ്റ്​ സെക്രട്ടറിയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയും ഫലം കണ്ടില്ല

Jaisy
|
7 May 2018 11:42 AM GMT

ഇരുപക്ഷവും തങ്ങളുടെ നിലപാടിൽ വിട്ടുവീഴ്ച വേണ്ടെന്ന്​ തീരുമാനിച്ചതോടെ പ്രതിസന്ധി വീണ്ടും സങ്കീർണമാവുകയാണ്

ഗൾഫ്​ പ്രതിസന്ധി പരിഹരിക്കാൻ യുഎസ്​ സ്റ്റേറ്റ്​ സെക്രട്ടറിയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയും വിജയം കണ്ടില്ല. ഇരുപക്ഷവും തങ്ങളുടെ നിലപാടിൽ വിട്ടുവീഴ്ച വേണ്ടെന്ന്​ തീരുമാനിച്ചതോടെ പ്രതിസന്ധി വീണ്ടും സങ്കീർണമാവുകയാണ്​.

കുവൈത്ത്​ അമീറിന്റെ മധ്യസ്ഥതയിൽ നടന്ന സമവായ നീക്കം പരാജയപ്പെട്ടതോടെയാണ്​ ഇരുപക്ഷവുമായി നേരിട്ട്​ ചർച്ച ചെയ്യാൻ യുഎസ്​ സ്റ്റേറ്റ്​ സെക്രട്ടറി റെക്സ്​ ടില്ലേഴ്സൺ രംഗത്തു വന്നത്​. വാഷിങ്​ടണിൽ ഖത്തർ വിദേശകാര്യ മന്ത്രി ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുർറഹ്​മാൻ ആൽഥാനിയുമായി അദ്ദേഹം വിശദമായ ചർച്ച നടത്തി. കുവൈത്ത്​ അമീറിന്റെ മധ്യസ്ഥ ചർച്ചകളുമായി സഹകരിക്കുമെന്ന്​ ഖത്തർ വ്യക്​തമാക്കി. തീവ്രവാദ നിലപാടുകളെ ഖത്തറും അമേരിക്കയും തള്ളിപ്പറയുകയും ചെയ്തു. എന്നാൽ ചർച്ചയുടെ മറ്റു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. കുവൈത്ത്​ മന്ത്രി ശൈഖ്​ മുഹമ്മദ്​ അബ്​ദുല്ല അൽ സബാഹുമായും യുഎസ്​ സ്റ്റേറ്റ്​ സെക്രട്ടറി പ്രത്യേകം ചർച്ച നടത്തി. വാഷിങ്ങ്​ടണിലുള്ള സൗദി വിദേശകാര്യ മന്ത്രി ആദിൽ ജുബൈറുമായും അമേരിക്ക പരോക്ഷ ചർച്ചകൾ തുടരുകയാണ്​. ഇറാനുമായി കൈകോർത്ത്​ ഗൾഫ്​ മേഖലയിൽ അസ്ഥിരത പടർത്താൻ ആരെയും അനുവദിക്കില്ലെന്നാണ്​ സൗദി വിദേശകാര്യ മന്ത്രി കുറ്റപ്പെടുത്തിയത്​.

അതിനിടെ, ഉപാധികൾ അംഗീകരിച്ചില്ലെങ്കിൽ കൂടുതൽ കടുത്ത ഉപരോധ നടപടികളിലേക്ക്​ നീങ്ങേണ്ടി വരുമെന്നും സൗദി അനുകൂല രാജ്യങ്ങൾ വ്യക്തമാക്കി. മുസ്ലിം ബ്രദർഹുഡിന്​ അവരുടെ മാത്രം താൽപര്യമാണുള്ളതെന്നും ഖത്തർ അത്​ തിരിച്ചറിയണമെന്നും യുഎഇ വിദേശകാര്യ സഹമന്ത്രി അൻവർ ഗർഗാശ്​ ട്വീറ്റ്​ സന്ദേശത്തിൽ അറിയിച്ചു.

ഉപാധികൾ അംഗീകരിക്കുന്നില്ലെങ്കിൽ കൂടുതൽ കടുത്ത ചില നടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന്​ 'ഗാർഡിയൻ' പത്രത്തിന്​ നൽകിയ അഭിമുഖത്തിൽ യു.എ.ഇയുടെ റഷ്യൻ സ്ഥാനപതി ഉമർ ഗൊബാഷ്​ പറഞ്ഞു. യുഎഇയുടെ വാണിജ്യ പങ്കാളികളോട്​ ഖത്തറുമായുള്ള ബന്ധം വിച്ഛേദിക്കാൻ പറയുന്നത്​ ഭാവിനടപടികളിൽ ഒന്നായിരിക്കുമെന്ന സൂചനയും ​അദ്ദേഹം നൽകി.

Related Tags :
Similar Posts