ഗള്‍ഫ് പ്രതിസന്ധി; യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയും ഫലം കണ്ടില്ല
|ഇരുപക്ഷവും തങ്ങളുടെ നിലപാടിൽ വിട്ടുവീഴ്ച വേണ്ടെന്ന് തീരുമാനിച്ചതോടെ പ്രതിസന്ധി വീണ്ടും സങ്കീർണമാവുകയാണ്
ഗൾഫ് പ്രതിസന്ധി പരിഹരിക്കാൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയും വിജയം കണ്ടില്ല. ഇരുപക്ഷവും തങ്ങളുടെ നിലപാടിൽ വിട്ടുവീഴ്ച വേണ്ടെന്ന് തീരുമാനിച്ചതോടെ പ്രതിസന്ധി വീണ്ടും സങ്കീർണമാവുകയാണ്.
കുവൈത്ത് അമീറിന്റെ മധ്യസ്ഥതയിൽ നടന്ന സമവായ നീക്കം പരാജയപ്പെട്ടതോടെയാണ് ഇരുപക്ഷവുമായി നേരിട്ട് ചർച്ച ചെയ്യാൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൺ രംഗത്തു വന്നത്. വാഷിങ്ടണിൽ ഖത്തർ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ആൽഥാനിയുമായി അദ്ദേഹം വിശദമായ ചർച്ച നടത്തി. കുവൈത്ത് അമീറിന്റെ മധ്യസ്ഥ ചർച്ചകളുമായി സഹകരിക്കുമെന്ന് ഖത്തർ വ്യക്തമാക്കി. തീവ്രവാദ നിലപാടുകളെ ഖത്തറും അമേരിക്കയും തള്ളിപ്പറയുകയും ചെയ്തു. എന്നാൽ ചർച്ചയുടെ മറ്റു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. കുവൈത്ത് മന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അൽ സബാഹുമായും യുഎസ് സ്റ്റേറ്റ് സെക്രട്ടറി പ്രത്യേകം ചർച്ച നടത്തി. വാഷിങ്ങ്ടണിലുള്ള സൗദി വിദേശകാര്യ മന്ത്രി ആദിൽ ജുബൈറുമായും അമേരിക്ക പരോക്ഷ ചർച്ചകൾ തുടരുകയാണ്. ഇറാനുമായി കൈകോർത്ത് ഗൾഫ് മേഖലയിൽ അസ്ഥിരത പടർത്താൻ ആരെയും അനുവദിക്കില്ലെന്നാണ് സൗദി വിദേശകാര്യ മന്ത്രി കുറ്റപ്പെടുത്തിയത്.
അതിനിടെ, ഉപാധികൾ അംഗീകരിച്ചില്ലെങ്കിൽ കൂടുതൽ കടുത്ത ഉപരോധ നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്നും സൗദി അനുകൂല രാജ്യങ്ങൾ വ്യക്തമാക്കി. മുസ്ലിം ബ്രദർഹുഡിന് അവരുടെ മാത്രം താൽപര്യമാണുള്ളതെന്നും ഖത്തർ അത് തിരിച്ചറിയണമെന്നും യുഎഇ വിദേശകാര്യ സഹമന്ത്രി അൻവർ ഗർഗാശ് ട്വീറ്റ് സന്ദേശത്തിൽ അറിയിച്ചു.
ഉപാധികൾ അംഗീകരിക്കുന്നില്ലെങ്കിൽ കൂടുതൽ കടുത്ത ചില നടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന് 'ഗാർഡിയൻ' പത്രത്തിന് നൽകിയ അഭിമുഖത്തിൽ യു.എ.ഇയുടെ റഷ്യൻ സ്ഥാനപതി ഉമർ ഗൊബാഷ് പറഞ്ഞു. യുഎഇയുടെ വാണിജ്യ പങ്കാളികളോട് ഖത്തറുമായുള്ള ബന്ധം വിച്ഛേദിക്കാൻ പറയുന്നത് ഭാവിനടപടികളിൽ ഒന്നായിരിക്കുമെന്ന സൂചനയും അദ്ദേഹം നൽകി.