മലയാളി ഹാജിമാരുടെ മദീന സന്ദർശനം ഇന്ന് മുതൽ ആരംഭിക്കും
|തീര്‍ഥാടകരുടെ മദീന യാത്രക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
മലയാളി ഹാജിമാരുടെ മദീന സന്ദർശനം ഇന്ന് മുതൽ ആരംഭിക്കും. തീര്‍ഥാടകരുടെ മദീന യാത്രക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. എട്ട് ദിവസം മദീനയില്‍ താമസിച്ച് ഹാജിമാര്‍ അവിടെ നിന്നും നാട്ടിലേക്ക് മടങ്ങും.
സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ആഗസ്ത് 13ന് മക്കയിൽ എത്തിയ 900 ഹാജിമാരാണ് തിങ്കളാഴ്ച മദീനയിലേക്ക് യാത്ര തിരിക്കുക. രാവിലെ എട്ട് മണിക്ക് യാത്ര പുറപ്പെടുന്ന രീതിയില്‍ തയ്യാറാവാന്‍ ഹജ്ജ് മിഷന്‍ തീര്‍ഥാടകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മക്കയില്‍ നിന്നും ബസ് മാര്‍ഗമാണ് പ്രവാചക നഗരിയിലേക്കുള്ള യാത്ര. മസ്ജിദുന്നബവിയില്‍ നാല്‍പത് നേരത്തെ നമസ്കാരം ലഭിക്കുന്ന രീതിയിലാണ് ഇന്ത്യന്‍ തീര്‍ഥാടകരുടെ മദീന സന്ദര്‍ശനം ക്രമീകരിച്ചിട്ടുള്ളത്. എട്ട് ദിവസത്തെ താമസത്തിന് ശേഷം മദീന വിമാനത്താവളം വഴി ഹാജിമാര്‍ കൊച്ചിയിലേക്ക് യാത്ര തിരിക്കും. മക്കയില്‍ നിന്നും വിടപറയുന്നതിന് മുന്പായി നിര്‍വഹിക്കേണ്ട വിടവാങ്ങൽ ത്വവാഫ് നിര്‍വഹിച്ച് യാത്രക്കായി കാത്തിരിക്കുകയാണ് ഹാജിമാര്‍.
മക്കയില്‍ നിന്നും മദീനയിലേക്കുള്ള യാത്രക്ക് പുതിയ ബസ്സുകള്‍ ഏര്‍പ്പെടുത്തിയത് തീര്‍ഥാടകര്‍ക്ക് അനുഗ്രഹമാവും. ലഗേജുകള്‍ കൊണ്ടുപോകാന്‍ പ്രത്യേക വാഹനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മദീനയില്‍ പരമാവധി തീര്‍ഥാടകര്‍ക്ക് മസ്ജിദുന്നബവിക്ക് സമീപനം മര്‍ക്കസിയ്യ ഭാഗങ്ങളില്‍ തന്നെ താമസം ലഭിക്കും. മദീനയില്‍ റൂമുകളില്‍ ഭക്ഷണ വിതരണം ഉണ്ടാകില്ല. മക്കയിലെ പോലെ റൂമുകളില്‍ പാചകം ചെയ്യാനും സൌകര്യമില്ല. തീര്‍ഥാടകരുടെ സേവനത്തിനായി മദീനയിലെ മലയാളി സംഘടകളുടെ കൂട്ടായ്മയായ ഹജ്ജ് വെല്‍ഫെയര്‍ഫോറം വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.