Gulf
ലോകറെക്കോര്‍ഡ് ലക്ഷ്യമിട്ട് സോളാര്‍ ഇംപള്‍സ് 2 വീണ്ടും പറന്നുലോകറെക്കോര്‍ഡ് ലക്ഷ്യമിട്ട് സോളാര്‍ ഇംപള്‍സ് 2 വീണ്ടും പറന്നു
Gulf

ലോകറെക്കോര്‍ഡ് ലക്ഷ്യമിട്ട് സോളാര്‍ ഇംപള്‍സ് 2 വീണ്ടും പറന്നു

admin
|
7 May 2018 6:33 PM GMT

ഒരുതുള്ളി ഇന്ധനം ഉപയോഗിക്കാതെ സൗരോര്‍ജത്തില്‍ മാത്രമുള്ള സോളാര്‍ ഇംപള്‍സിന്റെ ഹവായിയില്‍ നിന്നും കാലിഫോര്‍ണിയയിലേക്കുള്ള യാത്രക്കാണ് ഇന്നലെ തുടക്കം കുറിച്ചത്

ലോകറെക്കോര്‍ഡ് ലക്ഷ്യമിട്ട് അബുദാബിയില്‍ നിന്നും പുറപ്പെട്ട സോളാര്‍ ഇംപള്‍സ് 2 വീണ്ടും പറന്നുയര്‍ന്നു. തുടര്‍ച്ചയായ പറക്കലിനിടെയുണ്ടായ തകരാറുകള്‍ പരിഹരിച്ചാണ് വിമാനത്തിന്റെ യാത്ര തുടരുന്നത്. ഒരുതുള്ളി ഇന്ധനം ഉപയോഗിക്കാതെ സൗരോര്‍ജത്തില്‍ മാത്രമുള്ള സോളാര്‍ ഇംപള്‍സിന്റെ ഹവായിയില്‍ നിന്നും കാലിഫോര്‍ണിയയിലേക്കുള്ള യാത്രക്കാണ് ഇന്നലെ തുടക്കം കുറിച്ചത്.

പസഫിക് മഹാസമുദ്രത്തിന് മുകളിലൂടെ അഞ്ച് രാത്രിയും പകലും നീണ്ട പറക്കലിനിടെ സൗരോര്‍ജം സൂക്ഷിച്ചുവെക്കുന്ന ബാറ്ററികള്‍ക്ക് സംഭവിച്ച തകരാറുകള്‍ പരിഹരിച്ചാണ് സോളാര്‍ ഇംപള്‍സ് വീണ്ടും യാത്ര തിരിച്ചത്. തകരാറുകള്‍ സംഭവിച്ച ബാറ്ററികള്‍ എല്ലാം മാറ്റുകയും പരീക്ഷണ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തതോടെയാണ് സോളാര്‍ ഇംപള്‍സ് 2ന് ലോക പര്യടനം പൂര്‍ത്തിയാക്കാന്‍ അവസരം ഒരുങ്ങിയത്.

അനുകൂല കാലാവസ്ഥയില്‍ ഹവായിയില്‍ നിന്നും കാലിഫോര്‍ണിയയിലേക്കുള്ള യാത്രയാണ് ഇന്നലെ പുനരാരംഭിച്ചത്. സ്വിറ്റ്‌സര്‍ലാന്റുകാരായ ബെര്‍ട്രാന്റ് പിക്കാര്‍ഡിന്റെയും ആന്ദ്രെ ബോഷ്‌ബെര്‍ഗിന്റെയും നേതൃത്വത്തില്‍ ആരംഭിച്ച പദ്ധതിയില്‍ അബൂദബിയുടെ പിന്തുണയോടെ മസ്ദറിന്റെ സ്‌പോണ്‍സര്‍ഷിപ്പിലാണ് ലോക പര്യടനം ആരംഭിച്ചത്. സൗരോര്‍ജ്ജം മാത്രം ഉപയോഗിച്ച് രാത്രിയും പകലും പറക്കുന്ന ഈ ഒറ്റ സീറ്റ് വിമാനം 2015 മാര്‍ച്ച് ഒമ്പതിനാണ് അബൂദബിയില്‍ നിന്ന് പറയുന്നയര്‍ന്നത്. 35000 കിലോമീറ്റര്‍ പറന്ന് ലോകം ചുറ്റി അബൂദബിയില്‍ തിരിച്ചത്തെുകയായിരുന്നു ലക്ഷ്യം. ഇതിനിടെയാണ് വിമാനത്തിന്റെ ബാറ്ററികള്‍ക്ക് തകരാറുകള്‍ സംഭവിക്കുകയും ഹവായിയില്‍ വെച്ച് പാതിവഴിയില്‍ നിര്‍ത്തിവെക്കേണ്ടിയും വന്നത്.

അബൂദബിയില്‍ നിന്ന് ആരംഭിച്ച് 18000ഓളം കിലോമീറ്റര്‍ പറന്നതിന് ശേഷമായിരുന്നു നിര്‍ത്തിയത്. തുടര്‍ന്ന് വിമാനത്തിലെ 17000ഓളം ബാറ്ററികള്‍ മാറ്റിയ ശേഷമാണ് 2016ന്റെ തുടക്കത്തില്‍ പരീക്ഷണ പറക്കലുകള്‍ നടത്തിയത്. അമേരിക്കയിലെ വിവിധ കേന്ദ്രങ്ങളിലൂടെ പര്യടനം നടത്തിയ ശേഷം ആഫ്രിക്കയോ യൂറോപ്പോ വഴിയാണ് സോളാര്‍ ഇംപള്‍സ് 2 അബൂദബിയില്‍ തിരിച്ചെത്തുക.

Related Tags :
Similar Posts