പുതുതലമുറ വെല്ലുവിളികളെ നേരിടാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്നതാകണം വിദ്യാഭ്യാസമെന്ന് ടിപി ശ്രീനിവാസന്
|ഫാറൂഖ് കോളജ് പൂര്‍വ വിദ്യാര്‍ഥി സംഘടനയായ 'ഫോസ'യുടെ ദുബൈ ചാപ്റ്റര്‍ രജത ജൂബിലി ആഘോഷ ചടങ്ങില്‍ 'ഉന്നത വിദ്യഭ്യാസ രംഗത്തെ അവസരങ്ങള്‍' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ടി.പി ശ്രീനിവാസന്.
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ വെല്ലുവിളികളെയും അവസരങ്ങളെയും നേരിടാന്‍ പ്രാപ്തരാക്കും വിധത്തില്‍ പുതിയ തലമുറയെ ഒരുക്കുന്നതായിരിക്കണം നമ്മുടെ വിദ്യാഭ്യാസമെന്ന് നയതന്ത്രവിദഗ്ധനും കേരള ഉന്നത വിദ്യഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനുമായ ഡോ. ടി.പി. ശ്രീനിവാസന്. എന്നാല്‍ ദിശാബോധം ഒട്ടും തന്നെയില്ലാത്ത വിദ്യാഭ്യാസ രീതി ഭാവി തലമുറകളെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം ദുബൈയില്‍ വ്യക്തമാക്കി.
ഫാറൂഖ് കോളജ് പൂര്‍വ വിദ്യാര്‍ഥി സംഘടനയായ 'ഫോസ'യുടെ ദുബൈ ചാപ്റ്റര്‍ രജത ജൂബിലി ആഘോഷ ചടങ്ങില്‍ 'ഉന്നത വിദ്യഭ്യാസ രംഗത്തെ അവസരങ്ങള്‍' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ടി.പി ശ്രീനിവാസന്. ഭാവി സാധ്യതകള്‍ പ്രയോജനപ്പെടുത്തുമാറ്, എല്ലാ പുതിയ ചിന്തകളെയും ഉള്‍ക്കൊള്ളാനുള്ള മാനസികാവസ്ഥയാണ് വേണ്ടത്. എന്നാല്‍ ചിന്താപരമായി തികഞ്ഞ അസഹിഷ്ണുക്കളുടെ നാടായി കേരളം മാറുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിദേശ സര്‍വകലാശാലകളും പഠനരീതികളോടുമുള്ള ഒരു വിഭാഗത്തിന്റെ അസഹിഷ്ണുത തിരുത്തപ്പെടണം. തിരുവനന്തപുരത്ത് തനിക്കു നേരെ നടന്ന കൈയേറ്റത്തിനെതിരെ പൊതുസമൂഹത്തിന്റെ ഭാഗത്തു നിന്നുണ്ടായ പിന്തുണ അത്ഭുതകരമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യു.എ.ഇയിലെ ഇന്ത്യന്‍ സ്ഥാനപതി ടി.പി.സീതാറാം രജത ജൂബിലി ആഘോഷമായ 'ഫൊസ്റ്റാള്‍ജിയ' ഉദ്ഘാടനം ചെയ്തു. പത്മശ്രീ ഡോ.ആസാദ് മൂപ്പന് അധ്യക്ഷത വഹിച്ചു. ഇബ്രാഹിം യാഖൂബ്, ഇമ്പിച്ചികോയ, കെ. കുഞ്ഞലവി, സി.പി കുഞ്ഞുമുഹമ്മദ്, കുട്ട്യാലിക്കുട്ടി, കോയ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സുവനീര്‍ പ്രകാശനം ഇ.പി.മൂസ ഹാജിക്ക് കോപ്പി നല്കി ടി.പി.സീതാറാം നിര്‍വഹിച്ചു. ഫോസ ദുബൈ പ്രസിഡന്റ് ജമീല്‍ ലത്തീഫ് സ്വാഗതവും മലയില്‍ മുഹമ്മദലി നന്ദിയും പറഞ്ഞു. ബാംഗ്ളൂര്‍ അസ്ലമും സംഘവും ഒരുക്കിയ സംഗീത പരിപാടിയും അരങ്ങേറി.