പദ്ധതികള്‍ക്കായി ഭൂമി കുടിയിറക്കുന്നത് എതിര്‍ക്കപ്പെടണമെന്ന് ജയറാം രമേശ്
|സൈലന്റ് വാലി സംരക്ഷണത്തിന് കേരളത്തിലെ കോൺഗ്രസിന്റെ വികാരം മറികടന്ന് ധീരമായ നിലപാട് സ്വീകരിക്കാൻ ഇന്ദിരാഗാന്ധിക്ക് കഴിഞ്ഞതായും ഷാർജ പുസ്തക മേളയിൽ അദ്ദേഹം വ്യക്തമാക്കി
ജനങ്ങളുടെ അനുമതിയും സമ്മതിയും വാങ്ങാതെ പദ്ധതികള്‍ക്കായി ഭൂമി കുടിയിറക്കുന്നത് എതിര്‍ക്കപ്പെടണമെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശ്. സൈലന്റ് വാലി സംരക്ഷണത്തിന് കേരളത്തിലെ കോൺഗ്രസിന്റെ വികാരം മറികടന്ന് ധീരമായ നിലപാട് സ്വീകരിക്കാൻ ഇന്ദിരാഗാന്ധിക്ക് കഴിഞ്ഞതായും ഷാർജ പുസ്തക മേളയിൽ അദ്ദേഹം വ്യക്തമാക്കി.
അധികാരം ഉപയോഗിച്ച് ഭൂമി പിടിച്ചെടുക്കുന്നത് അനീതിയാണ്. മതിയായ നഷ്ടപരിഹാരം നല്കി വേണം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി ഒരുക്കാന്‍ എന്ന് താന്‍ ഗ്രാമവികസന മന്ത്രി ആയിരിക്കെ നിയമം കൊണ്ടുവന്നതാണെന്ന് ജയറാം രമേഷ് പറഞ്ഞു. ഇന്ദിരയെ വേണ്ടവിധം ഇനിയും തിരിച്ചറിയാൻ ആർക്കും സാധിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതു ലൈബ്രററികളില്‍ ലഭ്യമായ രേഖകള്‍ ഗവേഷണം ചെയ്താണ് ഇന്ദിരാ ഗാന്ധി എ ലൈഫ് ഇന്‍ നേച്വര്‍ എന്ന പുസ്തകം താന്‍ തയ്യാറാക്കിയതെന്നും ജയറാം രമേഷ് പറഞ്ഞു.
ഇന്ദിരയുടെ പ്രകൃതി സ്നേഹത്തെ പ്രകീര്‍ത്തിക്കുന്നു എന്നതു കൊണ്ട് അടിയന്തിരാവസ്ഥയെ താന്‍ അംഗീകരിക്കുന്നു എന്ന് അനുമാനിക്കേണ്ടതില്ല. എന്നാല്‍ അടിയന്തിരാവസ്ഥക്കു ശേഷം തെരഞ്ഞെടുപ്പിനെ നേരിടാനും തോറ്റ് പ്രതിപക്ഷത്തിരിക്കാനുമുള്ള ജനാധിപത്യ മര്യാദ ഇന്ദിര പുലർത്തിയെന്നും ജയ്റാം രമേഷ് കൂട്ടിച്ചേർത്തു.