ഈ പ്രവാസികള്‍ക്ക് ബീച്ച് ഉല്ലാസകേന്ദ്രം മാത്രമല്ല
|കടല്‍ത്തീരം വൃത്തിയായി സൂക്ഷിക്കേണ്ട ഉത്തരവാദിത്തവും ടൂറിസ്റ്റുകള്‍ക്ക് തന്നെയാണെന്ന ബോധ്യത്തില്‍ ഖത്തറിലെ വക്റ ബീച്ച് ശുചീകരിച്ചത് ദോഹ കേന്ദ്രമായുള്ള എഫ്സിസി എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ്.
ഉല്ലസിക്കാന്‍ മാത്രം ബീച്ചിലെത്തുന്നവരല്ല തങ്ങളെന്ന് തെളിയിക്കുകയാണ് ഖത്തറില്‍ ഒരു കൂട്ടം മലയാളികള്‍. കടല്‍ത്തീരം വൃത്തിയായി സൂക്ഷിക്കേണ്ട ഉത്തരവാദിത്തവും ടൂറിസ്റ്റുകള്‍ക്ക് തന്നെയാണെന്ന ബോധ്യത്തില്‍ ഖത്തറിലെ വക്റ ബീച്ച് ശുചീകരിച്ചത് ദോഹ കേന്ദ്രമായുള്ള എഫ്സിസി എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ്.
ഖത്തറിലെ മലയാളികളടക്കമുള്ള പ്രവാസികള്‍ വാരാന്ത്യദിനങ്ങളില്‍ മീന്‍ പിടിക്കാനും ഉല്ലസിക്കാനുമെത്തുന്ന വക്റ ബീച്ചിലേക്കാണ് ദോഹയിലെ എഫ്സിസി പ്രവര്‍ത്തകര്‍ ഇത്തവണ ശുചീകരണ ദൗത്യവുമായെത്തിയത്. ലോക പരിസ്ഥിതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് ഖത്തര്‍ ചാരിറ്റിയുടെ സഹകരണത്തോടെ നടത്തിയ ശ്രമദാനത്തില്‍ 20 ഓളം മലയാളികള്‍ പങ്കാളികളായി. ബീച്ചിലെത്തുന്ന സഞ്ചാരികള്‍ ഉപേക്ഷിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഇവര്‍ പ്രധാനമായും നീക്കം ചെയ്തത്.
ദോഹയില്‍ നിന്നടക്കം പ്രവാസികള്‍ കുടുംബസമേതം ഉല്ലസിക്കാനെത്തുന്ന വക്റ ബീച്ചില്‍ നിന്ന് തന്നെ ശുചീകരണദൗത്യം ആരംഭിക്കുകയായിരുന്നു. ബീച്ചില്‍ മീന്‍ പിടിക്കാനെത്തിയ വിവിധ രാജ്യക്കാരായ പ്രവാസികളുടെ പ്രശംസ പിടിച്ചു പറ്റാനും ഈ മലയാളി യുവാക്കള്‍ക്കായി. വരും ദിവസങ്ങളില്‍ ഖത്തറിലെ മറ്റു ഉല്ലാസ കേന്ദ്രങ്ങളിലും കടല്‍ തീരങ്ങളിലും സമാനമായ രീതിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും എഫ്സിസിക്ക് പദ്ധതിയുണ്ട്.