ഷാര്‍ജയില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ ഗഡുക്കളായി അടയ്ക്കാം
|പിഴ ഒരുമിച്ച് അടക്കേണ്ടതു മൂലം വാഹന ലൈസന്‍സ് പുതുക്കാന്‍ കഴിയാത്തവര്‍ക്ക് ഷാര്‍ജ ഗതാഗത വിഭാഗത്തിന്റെ പുതിയ തീരുമാനം ഏറെ ആശ്വാസം പകരും.
ഷാര്‍ജയില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ ഇനി ഗഡുക്കളായി അടച്ചു തീര്‍ക്കാന്‍ സൗകര്യം. പിഴ ഒരുമിച്ച് അടക്കേണ്ടതു മൂലം വാഹന ലൈസന്‍സ് പുതുക്കാന്‍ കഴിയാത്തവര്‍ക്ക് ഷാര്‍ജ ഗതാഗത വിഭാഗത്തിന്റെ പുതിയ തീരുമാനം ഏറെ ആശ്വാസം പകരും.
പല ഘട്ടങ്ങളിലായി ലഭിച്ച പിഴ സംഖ്യ തവണകളായി അടക്കാനുള്ള സൗകര്യമാണ് ഗതാഗത വിഭാഗം ഒരുക്കിയിരിക്കുന്നത്. ബുധനാഴ്ച മുതല്‍ ഇതുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ലഭിക്കുമെന്ന് വകുപ്പ് തലവന്‍ കേണല്‍ അഹ്മദ് ആല് നാഗൂര് പറഞ്ഞു. വ്യക്തികളുടെ പേരിലുള്ള വാഹനങ്ങള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. കമ്പനി വാഹനങ്ങള്‍ ഇളവു പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. യുഎഇ ട്രാഫിക് വകുപ്പുകളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് മാത്രമാണ് വ്യവസ്ഥകള്‍ അനുസരിച്ചു പിഴ അടക്കാന്‍ അവസരമെന്നും അഹ്മദ് സൂചിപ്പിച്ചു. വിദേശ വാഹനങ്ങള്‍ക്കും താല്‍ക്കാലിക പെര്‍മിറ്റോടെ നിരത്തിലിറക്കിയ വാഹനങ്ങളുടെ പിഴയും ഇതിന്റെ പരിധിയില്‍ വരില്ല. ദുബൈ ആര്.ടി.എ, നഗരസഭകള്‍, ജി.സി.സി രാജ്യങ്ങളുടെ പിഴയും ഷാര്‍ജയില്‍ അടക്കാനാകും.
ഷാര്‍ജയിലെ മൊത്തം നിയമ ലംഘനങ്ങളില്‍ ലഭിച്ച പിഴ സംഖ്യയുടെ പകുതിയാണ് ആദ്യം സ്വീകരിക്കുക. ശേഷിക്കുന്ന തുക മൊത്തം ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പായി അടക്കേണ്ടിവരും. വിദേശ രാജ്യങ്ങളിലേക്ക് അയക്കുന്ന വാഹങ്ങളുടെ പിഴയും പുതിയ സംവിധാനം വഴി അടച്ച് ഫയല്‍ കുറ്റമറ്റതാക്കാനാകും. ക്രയവിക്രയത്തിനുള്ള വാഹനങ്ങള്‍ക്കും ഇതേ വ്യവസ്ഥയാണുള്ളത്. അടക്കാനുള്ള പിഴ കുറഞ്ഞത് 1000 ദിര്‍ഹമെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ ആനുകൂല്യത്തിന്റെ പരിധിയില്‍ ഉള്പ്പെടൂ എന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.