അറബ് ലോകത്ത് ഏറ്റവും പ്രബലമായ പാസ്പോര്ട്ട് യുഎഇയുടേത്
|2017ലെ ഗ്ലോബൽ പാസ്പോർട്ട് റാങ്ക് പ്രകാരമാണിത്
ആഗോളാടിസ്ഥാനത്തിൽ 22ാം സ്ഥാനവും യുഎഇ നേടി. 2017ലെ ഗ്ലോബൽ പാസ്പോർട്ട് റാങ്ക് പ്രകാരമാണിത്. സീഷെല്ലസ്, യൂറഗ്വായ് രാജ്യങ്ങളും യുഎഇക്കൊപ്പം 22ാം സ്ഥാനം പങ്കിടുന്നു.
ജർമനിയും സിംഗപ്പൂരുമാണ് ഒന്നാം സ്ഥാനത്ത്. ഇവ ഉൾപ്പെടെ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ 22 രാജ്യങ്ങളുണ്ട്. ജിസിസി രാജ്യങ്ങളിൽ കുവൈത്താണ് രണ്ടാം സ്ഥാനത്ത്. 48ാം റാങ്കാണ് കുവൈത്തിനുള്ളത്. ഖത്തർ 50, ബഹ്റൈൻ 53, ഒമാൻ 55, സൗദി അറേബ്യ 58 എന്നിങ്ങനെയാണ് മറ്റു ജിസിസി രാജ്യങ്ങളുടെ റാങ്കുകൾ.
ഇന്ത്യ 78ാം സ്ഥാനത്താണ്. ഇന്ത്യയുടെ അയൽരാജ്യങ്ങളായ അഫ്ഗാനിസ്ഥാനും പാകിസ്താനുമാണ് പട്ടികയിൽ ഏറ്റവും പിറകിൽ. അഫ്ഗാനിസ്താന് 93ാം സ്ഥാനവും പാകിസ്താന് 92ാം സ്ഥാനവുമാണ്. ഇവയെ കൂടാതെ സോമാലിയ , സിറിയ , ഇറാഖ് എന്നിവയാണ് പട്ടികയിലെ അവസാനത്തെ അഞ്ച് രാജ്യങ്ങൾ. 2017 മാർച്ച് രണ്ടാം വാരത്തിൽ നൊമാഡ് കാപറ്റലിസ്റ്റ് പുറത്തുവിട്ട പഠന റിപ്പോർട്ടിൽ യുഎഇ പാസ്പോർട്ട് മിഡിലീസ്റ്റിൽ ഒന്നാമതെത്തിയിരുന്നു. ആഗോളാടിസ്ഥാനത്തിൽ 70ാം സ്ഥാനമായിരുന്നു. 2016ൽ ആർട്ടൺ കാപിറ്റൽ പ്രസിദ്ധീകരിച്ച പുതു തലമുറ പാസ്പോർട്ട് സൂചികയിൽ ജി.സി.സി മേഖലയിൽ യു.എ.ഇ മുന്നിലെത്തിയിരുന്നു.
യുഎഇ വിദേശകാര്യ,അന്താരാഷ്ട്ര സഹകരണ മന്ത്രാലയം ഈയിടെ യുഎഇ പാസ്പോർട്ട് ശാക്തീകരണ പദ്ധതി ആരംഭിച്ചിരുന്നു. 2021ഒാടെ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട അഞ്ച് പാസ്പോർട്ടുകളിലൊന്നായി സ്ഥാനം പിടിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി തുടങ്ങി ചുരുങ്ങിയ കാലം കൊണ്ട് വലിയ നേട്ടമാണ് കൈവരിക്കാൻ സാധിച്ചത്. 122 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാനാകും എന്നതാണ് യുഎഇ പാസ്പോർട്ടിനെ മുന്നിലെത്തിക്കുന്ന പ്രധാന ഘടകം.