ഖത്തറിനെ തിരിച്ചുവിളിച്ച് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദിന്റെ കവിത
|അപാകതകൾ തിരുത്തി ജിസിസി കൂട്ടായ്മയുടെ ഭാഗമാകുന്നതു മാത്രമാണ് ഖത്തറിന് ഗുണകരം
ഗൾഫ് കൂട്ടായ്മയിലേക്ക് ഖത്തർ തിരികെ വരണം എന്നഭ്യർഥിച്ച് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും. ഒറ്റക്കു നിൽക്കുന്നവരെ എളുപ്പം ചെന്നായ പിടിക്കും എന്ന പ്രവാചക വാക്യം മറക്കരുതെന്നും ഖത്തറിനെ ഉണർത്താനും ശൈഖ് മുഹമ്മദ് മറന്നില്ല.
പാത വ്യക്തമാണ് എന്ന ശീർഷകത്തിൽ കുറിച്ച സുദീർഘ കവിതയിലൂടെയാണ് നിലപാട് മാറ്റി ഖത്തർ ജിസിസി കൂട്ടായ്മയിലേക്ക് മടങ്ങി വരണമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ആവശ്യപ്പെടുന്നത്. ഒരുമിച്ചു നിൽക്കേണ്ട നിർണായക സന്ദർഭമാണിത്. വെറുപ്പിന് വിടനൽകി ഒറ്റ ഹൃദയത്തോടെ പരസ്പരം ചേർന്നു നിൽക്കേണ്ട സമയം കവിതയിൽ ശൈഖ് മുഹമ്മദ് കുറിച്ചു.
അയൽപക്ക സൗഹൃദങ്ങളെ ഏറ്റവും വിലമതിക്കുന്ന രാജ്യമാണ് യുഎഇ. അത് ഇനിയും അങ്ങനെ തന്നെ തുടരുമെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കുന്നു. അപാകതകൾ തിരുത്തി ജിസിസി കൂട്ടായ്മയുടെ ഭാഗമാകുന്നതു മാത്രമാണ് ഖത്തറിന് ഗുണകരം.
കവിതയിൽ യുഎഇ സായുധസേനയുടെ ഡപ്യൂട്ടി സുപ്രീം കമാണ്ടറും അബൂദബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനെ പ്രകീർത്തിക്കുന്നുമുണ്ട്. ദുബൈ ഭരണാധികാരി. തങ്ങൾ ഒരുമിച്ചു നിന്ന് ഒരേ വികാരത്തോടെയാണ് യുഎഇക്കു വേണ്ടി നിലയുറപ്പിക്കുന്നതെന്നും കവിതയിൽ ശൈഖ് മുഹമ്മദ് കുറിച്ചു. സാമൂഹിക മാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ശൈഖ് മുഹമ്മദിന്റെ കവിതക്ക് ലഭിച്ചത്.