ഉംറ സീസണ് തുടങ്ങി; 70 ലക്ഷത്തിലധികം തീര്‍ഥാടകരെത്തും
|എട്ട് മാസത്തിനകം 70 ലക്ഷത്തിലധികം തീര്‍ഥാടകരാണ് ഉംറ നിര്‍വഹിക്കാനായി മക്കയിലെത്തുക.
ഈ വര്‍ഷത്തെ ഉംറ സീസണിന് തുടക്കമായി. എട്ട് മാസത്തിനകം 70 ലക്ഷത്തിലധികം തീര്‍ഥാടകരാണ് ഉംറ നിര്‍വഹിക്കാനായി മക്കയിലെത്തുക. ഇവരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്.
റമദാന് ഉള്‍പ്പെടെയുള്ള എട്ട് മാസക്കാലം നീണ്ടുനില്‍ക്കും ഈ വര്‍ഷത്തെ ഉംറ സീസണ്. കഴിഞ്ഞ തവണ 67 ലക്ഷം തീര്‍ഥാടകരാണ് മക്കയിലെത്തിയത്.
ഇത്തവണ എണ്ണം 70 ലക്ഷം കഴിയും. തീര്‍ഥാടകരെ സ്വീകരിക്കാന്‍ മക്ക, മദീന ഹറമുകള്‍ സജ്ജമാണ്. അനുഷ്ഠാനങ്ങള്‍ അനായാസം നിര്‍വഹിക്കാനായി സൌകര്യങ്ങളേറെയുണ്ട്. താമസം, ഗതാഗതം, സംസം വിതരണം തുടങ്ങി വിവിധ വകുപ്പുകള്‍ തീര്‍ഥാടകര്‍ക്ക് സേവനം ചെയ്യാനൊരുങ്ങിക്കഴിഞ്ഞു. സൗദി വിഷന്‍ 2030ന്റെ ഭാഗമായി വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് തീര്‍ഥാടകരുടെ എണ്ണത്തിലെ വര്‍ധനവ്.
100 രാജ്യങ്ങളില്‍ നിന്നാണ് തീര്‍ഥാടകരില്‍ ഭൂരിഭാഗവും. 4,000ലധികം ഏജന്‍സികളിലൂടെയാണ് തീര്‍ഥാടകരുടെ യാത്രാനടപടികള്‍. ആവശ്യമായ ഉംറ വിസ നല്കാന് സൗദിയുടെ എംബസികളും കോണ്‍സുലേറ്റുകളും സജ്ജമായി. വന്നിറങ്ങുന്ന തീര്‍ഥാടകര്‍ക്കായി എമിഗ്രേഷന്‍ വിഭാഗവും തയ്യാറെടുത്തതായി പാസ്പോര്‍ട്ട് വിഭാഗവും അറിയിച്ചു. വിസ കാലാവധി കഴിയുന്നതോടെ തീര്‍ഥാടകര്‍ സൗദി വിടണം. ഇതിനായി ഒമ്പത് മാസം നീളുന്ന ബോധവത്കരണമുണ്ടാകും. നിയമലംഘകരില്ലാത്ത രാജ്യം എന്ന കാമ്പയിന്റെ ഭാഗമായാണ് ബോധവത്കരണം.