ഇഖ്റഅ് ടിവി ചാനല്‍ ഏഴ് പ്രമുഖ ഭാഷകളില്‍ കൂടി സംപ്രേഷണം തുടങ്ങുന്നു
|ജിദ്ദയിലെ ഇഖ്റഅ് ചാനല്‍ ആസ്ഥാനം സന്ദര്‍ശിച്ച ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
സൗദിയിൽ നിന്നുള്ള ആദ്യകാല ഇസ്ലാമിക ടെലിവിഷന്‍ ചാനലുകളില്‍ ഒന്നായ ഇഖ്റഅ് ടി.വി. ചാനല്‍ ഏഴ് പ്രമുഖ ഭാഷകളില്‍ പുതുതായി സംപ്രേഷണം ആരംഭിക്കുമെന്ന് ചാനല്‍ മുഖ്യ സാരഥിയും പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായ മുഹമ്മദ് അഹ്മദ് സല്ലാം പറഞ്ഞു. ജിദ്ദയിലെ ഇഖ്റഅ് ചാനല്‍ ആസ്ഥാനം സന്ദര്‍ശിച്ച ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്ലാമിനും മുസ്ലിംങ്ങള്‍ക്കും നേരെ തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ ലോകത്തുടനീളം വര്‍ധിച്ച് വരികയാണ്. ഈ സാഹചര്യത്തില്‍ ഇസ്ലാമിനെ യഥാവിധം പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഏഴ് ലോകഭാഷകളില്‍ ചാനല്‍ ആരംഭിക്കാനുള്ള തീരുമാനമെന്ന് മുഹമ്മദ് അഹ്മദ് സല്ലാം പറഞ്ഞു. ഇംഗ്ളീഷ്, ഉര്‍ദു, ഫ്രഞ്ച് എന്നിവയാണ് ആദ്യ മുന്‍ഗണനാപട്ടികയിലുള്ളത്. ഇന്ത്യയുള്‍പ്പടെയുള്ള വിവിധ രാജ്യങ്ങളില്‍ ഉര്‍ദു ഭാഷ വ്യാപകമായി ഉപയോഗിക്കുന്നതുകൊണ്ടാണ് ആ ഭാഷയില്‍ ചാനല്‍ തുടങ്ങാന്‍ മുന്‍ഗണ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നവ മാധ്യമങ്ങള്‍ ഉപയോഗിച്ചും ഇസ്ലാമിന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ച് വരുന്നുണ്ട്. ഹജ്ജ് ഉൾപ്പെടെ ഇസ്ലാമിലെ എല്ലാ പ്രധാന സംഭവങ്ങൾക്കും അതാത് സമയങ്ങളിൽ ചാനൽ അതീവ ശ്രദ്ധ നൽകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇഖ്റഅ് ചാനലിന് ജിദ്ദക്കു പുറമെ ഈജിപ്ത്, ജോർദാൻ എന്നിവിടങ്ങളിൽ ആധുനിക സൗകര്യങ്ങളോടു കൂടിയ സ്റ്റുഡിയോകൾ പ്രവർത്തിക്കുന്നുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളിലെ പ്രധാന നഗരങ്ങളില്‍ പ്രതിനിധികളുമുണ്ട്. ഇരുപത്തിനാല് മണിക്കുറും സംപ്രേഷണം ചെയ്യുന്ന ചാനലിൽ കുക്കറി ഷോ അടക്കമുള്ള മറ്റു പരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട്. ചാനൽ പബ്ലിക് റിലേഷൻ മാനേജർ ഹസൻ അൽ അത്താസ്, ഇഖ്റഅ് മീഡിയ സെന്റർ ഡയറക്ടർ നിസാർ അൽ അലി, മൈന്റനൻസ് മാനേജർ എഞ്ചിനീയർ മുഹമ്മദ് ഹെൽമി എന്നിവർ ചേർന്ന് പ്രസിഡന്റ് ഹസ്സന് ചെറൂപ്പയുടെ നേതൃത്വത്തിലുള്ള ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം സംഘത്തെ സ്വീകരിച്ചു.