മക്കയില്‍ നോമ്പുതുറയൊരുക്കി ഒരു കൂട്ടം മലയാളി വിദ്യാര്‍ഥികള്‍
|സ്റ്റുഡന്‍സ് ഇന്ത്യയുടെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികള്‍ ഈ അവധിക്കാലം സേവന പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെച്ചത്.
മക്കയിലെ മസ്ജിദുല്‍ ഹറാമിലെത്തുന്ന വിശ്വാസികള്‍ക്ക് നോമ്പുതുറ വിഭവങ്ങളൊരുക്കി മാതൃകയാകുകയാണ് ഒരു കൂട്ടം മലയാളി വിദ്യാര്‍ഥികള്‍. സ്റ്റുഡന്‍സ് ഇന്ത്യയുടെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികള്‍ ഈ അവധിക്കാലം സേവന പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെച്ചത്. ഹറമിലേക്കുള്ള വഴിയിലാണ് പ്രധാനമായും ഇത്ഫാര്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നത്.
റമദാന്‍ അവസാന പത്തിലേക്ക് പ്രവേശിച്ചതോടെ മക്കിയിലേക്ക് എത്തുന്ന വിശ്വാസികളുടെ എണ്ണം ഓരോ ദിവസവും വര്‍ദ്ധിക്കുകയാണ്. നോമ്പുതുറക്കാന്‍ കണക്കാക്കിയാണ് പലരും ഹറമിലെത്തുന്നത്. വൈകുന്നേരത്തെ ട്രാഫിക് കുരുക്കില്‍ പെട്ട് പലര്‍ക്കും മഗ് രിബിന് മുന്പ് മസ്ജിലെത്താന്‍ സാധിക്കാറില്ല. ജിദ്ദ, മദീന തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും വരുന്ന ഇത്തരം സന്ദര്‍ശകര്‍ക്കും തീര്‍ഥാടകര്‍ക്കുമാണ് സ്റ്റുഡന്‍സ് ഇന്ത്യയുടെ നേതൃത്വത്തില്‍ ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നത്. ശാരെ സിത്തീനിലെ ട്രാഫിക് സിഗ്നലിലാണ് പ്രധാനമായും കിറ്റുകള്‍ വിതരണം ചെയ്യാറുള്ളത്. ചില ദിവസങ്ങളില്‍ ഹറമിലും ഇവര്‍ നോമ്പുതുറ വിഭവങ്ങളുമായി എത്താറുണ്ട്. സ്വന്തം വീടുകളില്‍ നിന്നും ഉണ്ടാക്കിനല്‍കുന്നതും ഹറമിന് ചുറ്റും താമസിക്കുന്ന മലയാളി കുടുംബങ്ങളില്‍ നിന്നും ശേഖരിക്കുന്നതുമായ വിഭവങ്ങളുമായി വൈകുന്നേരം അഞ്ചരയോടെ ഇവര്‍ ഒത്തു ചേരും. ഒരു മണിക്കൂറിനകം ഇവ പാക്കറ്റുകളിലാക്കി വിതരണത്തിന് തയ്യാറാക്കും. ആറ് മുതല്‍ പതിനഞ്ച് വരെ വിദ്യാര്‍ഥികള്‍ ഓരോ ദിവസവും വിതരണത്തിനുണ്ടാകും.
ലക്ഷക്കണക്കിന് വിശ്വാസികള്‍ നോമ്പ് തുറക്കാനെത്തുന്ന മക്കയില്‍ വളരെ കുറച്ച് പേര്‍ക്കെങ്കിലം ഇഫ്താര്‍ ഒരുക്കാന്‍ കഴിയുന്ന സന്തോഷത്തിലാണ് ഈ വിദ്യാര്‍ഥികള്‍. കുട്ടികളില്‍ സേവന വികാരം വളര്‍ത്തിയെടുക്കുകയെന്ന ഉദ്ദേശത്തോടെ ആരംഭിച്ച ഇഫ്താര്‍ കിറ്റ് വിതരണം വരും ദിനങ്ങളിലും സജീവമാക്കാനുള്ള ശ്രമത്തിലാണ് സ്റ്റുഡന്‍സ് ഇന്ത്യ സംഘാടകര്‍.