കുവൈത്തില്‍ അനധികൃത ചാനലുകൾക്കും വെബ് ന്യൂസ് പോർട്ടലുകൾക്കുമെതിരെ നടപടി കർശനമാക്കുന്നു
|ലൈസൻസ് ഉള്ളതും ഇല്ലാത്തതുമായ മുഴുവൻ മാധ്യമങ്ങളും കർശന നിരീക്ഷണത്തിനു വിധേയമാക്കുന്നുണ്ട്
അനുമതിയിലല്ലാതെ പ്രവർത്തിക്കുന്ന ടെലിവിഷൻ ചാനലുകൾക്കും വെബ് ന്യൂസ് പോർട്ടലുകൾക്കും എതിരെ നടപടി കർശനമാക്കാനൊരുങ്ങി കുവൈത്ത് വാർത്താ വിതരണ മന്ത്രാലയം. ലൈസൻസ് ഉള്ളതും ഇല്ലാത്തതുമായ മുഴുവൻ മാധ്യമങ്ങളും കർശന നിരീക്ഷണത്തിനു വിധേയമാക്കുന്നുണ്ടെന്നും ഇലക്ട്രോണിക് മാധ്യമ നിയമം ലംഘിക്കുന്നവർ ആരായാലും നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി .
വാർത്താ വിതരണ മന്ത്രാലയത്തിലെ ഇലക്ട്രോണിക് മീഡിയ വിഭാഗം മേധാവി ലാഫി അൽ സുബൈഹ് ആണ് ഇക്കാര്യം വിശദീകരിച്ചത്. ഉപഗ്രഹ ചാനലുകൾക്കും ന്യൂസ് പോർട്ടലുകൾക്കും ലൈസൻസ് നേടാൻ ഒരു വർഷത്തെ സമയം അനുവദിച്ചിട്ടുണ്ട് . സമയ പരിധി അടുത്ത വർഷം ജൂലായിൽ അവസാനിക്കും അതിനു ശേഷം ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന മുഴുവൻ ഇലക്ട്രോണിക് മീഡിയകൾക്കും എതിരെ 500 ദിനാർ മുതൽ 5000 ദിനാർ വരെ പിഴ ചുമത്തുകയും സ്ഥാപനം അടച്ചു പൂട്ടുകയും ചെയ്യും . കുറഞ്ഞത് സെക്കണ്ടറി സ്‌കൂൾ വിദ്യാഭ്യാസമെങ്കിലും ഉള്ള 21 വയസിനു മേൽ പ്രായമുള്ള സ്വദേശികൾക്കു മാത്രമാണ് പത്തു വർഷകാലാവധിയുള്ള ഇ മീഡിയ ലൈസൻസ് അനുവദിക്കുകയെന്നും ലാഫി അൽ സുബൈഹ് പറഞ്ഞു. 500 ദിനാറാണ് ലൈസൻസ് ഫീസ് . ഈ മീഡിയ നിയമം ഭേദഗതി ചെയ്ത ശേഷം 280 പേരാണ് ഇത് വരെ ലൈസൻസ് അപേക്ഷയുമായി മന്ത്രാലയത്തെ സമീപിച്ചത് ചാനലുകൾ ഉൾപ്പെടെ 27 മാധ്യമങ്ങൾക്കു അനുമതി നൽകുകയും 118 അപേക്ഷകൾ സൂക്ഷ്മ പരിശോധനക്ക് ശേഷം തള്ളുകയും ചെയ്തു . 135 അപേക്ഷകളിൽ ഇനിയും തീർപ്പു കൽപ്പിച്ചിട്ടില്ല. മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുക , വ്യാജ വാർത്ത പ്രചരിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും രാജ്യത്തെ ഇ മീഡിയ നിയമം സമഗ്രമാണെന്നും അൽ സുബൈഹ് കൂട്ടിച്ചേർത്തു.