സൂഫി സംഗീതത്തിന്റെ ഈരടികള്‍ തീര്‍ത്ത് ദമാമില്‍ ഖവാലി സംഗീത സന്ധ്യ
|പ്രസിദ്ധ ഖവാലി ഗായകന്‍ നൗഷാദ് സാബ്രിയും സംഘവുമാണ് ഖവാലി അവതരിപ്പിച്ചത്.
സൂഫി സംഗീതത്തിന്റെ ഈരടികള്‍ തീര്‍ത്ത് ഖവാലി സംഗീത സന്ധ്യ ജുബൈല്‍ ഇന്ത്യന്‍ സ്കൂളിലും ദമ്മാം ഇന്ത്യന്‍ സ്കൂളിലും അരങ്ങേറി. പ്രസിദ്ധ ഖവാലി ഗായകന്‍ നൗഷാദ് സാബ്രിയും സംഘവുമാണ് ഖവാലി അവതരിപ്പിച്ചത്.
സ്രഷ്ടാവായ അല്ലാഹുവിനോടുള്ള പ്രണയ തീവ്രതയും പ്രവാചകനും മദീനയും അവിടുത്തെ കാരുണ്യ ജീവിതവും വര്‍ണിച്ച് അര്‍ഥ ഗര്‍ഭമായ വരികളിലൂടെയും താളത്തിലൂടെയും സംഗീതത്തിന്റെ മെഹ്ഫില്‍ കാണികള്‍ക്ക് മഹാനുഭൂതി പകര്‍ന്നു. മലയാളികളടക്കമുള്ള നിരവധി സംഗീതാസ്വദകരാണ് പുതുമ നിറഞ്ഞ ഖവാലി കാണാനത്തെിയത്. 68ാം റിപ്പബ്ളിക് ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യന്‍ എംബസിയും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
ഖവാലി ഗായകന്‍ നൗഷാദ് സാബ്രിയോടൊപ്പം ആര്‍ട്ടിസ്റ്റുകളായ ഷെഹ്സാദ് ഹുസൈന്‍, ഉമര്‍ ദറാസ്, ഡാനിഷ് ഹുസൈന്‍, അര്‍ഷാദ് ഹുസൈന്‍ എന്നിവര്‍ അണിനിരന്നു. എംബസി ഉദ്യോഗസ്ഥരായ ഹിഫ്സുറഹ്മാന്‍, സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ.സയ്യിദ് ഹമീദ്, നൗഷാദ് അലി, മാനേജ്മെന്‍റ് ചെയര്‍മാന്‍ തഷ്കിന്‍ അക്ബര്‍ അംഗങ്ങളായ നൗഷാദ്, നിസാം, സാമൂഹ്യ പ്രവര്‍ത്തകര്‍, മീഡിയ ഫോറം അംഗങ്ങള്‍, അധ്യാപകര്‍ തുടങ്ങി നിരവധി പേര്‍ ജുബൈലില്‍ ഇന്ത്യന്‍ സ്കുളിലെ ചടങ്ങില്‍ സംബന്ധിച്ചു.