Gulf
സൌദിയിലെ പൊതുമാപ്പ് കാലാവധി ഇന്ന് അവസാനിക്കുംസൌദിയിലെ പൊതുമാപ്പ് കാലാവധി ഇന്ന് അവസാനിക്കും
Gulf

സൌദിയിലെ പൊതുമാപ്പ് കാലാവധി ഇന്ന് അവസാനിക്കും

Jaisy
|
9 May 2018 10:04 AM GMT

ഇതിനകം ആറ് ലക്ഷത്തോളം പേരാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത്

സൌദി അറേബ്യ പ്രഖ്യാപിച്ച നാല് മാസത്തെ പൊതുമാപ്പ് ഇന്ന് അവസാനിക്കും. ഇതിനകം ആറ് ലക്ഷത്തോളം പേരാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത്. നാല്‍പതിനായിരത്തോളം ഇന്ത്യക്കാരും ഇളവുകാലം പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങി. എക്സിറ്റ് കരസ്ഥമാക്കിയിട്ടും നാട്ടിലേക്ക് മടങ്ങാത്തവരും ശിക്ഷക്ക് അര്‍ഹരാവും.

തൊഴില്‍ താമസ നിയമ ലംഘകര്‍ക്ക് പിഴയോ ശിക്ഷ കൂടാതെ നാട്ടിലേക്ക് മടങ്ങാന്‍ അവസരം നല്‍കി മാര്‍ച്ച് ഇരുപത്തി ഏഴു മുതലാണ് സൌദി അറേബ്യയില്‍ പൊതുമാപ്പ് നിലവില്‍ വന്നത്. ആദ്യം തൊണ്ണൂറ് ദിവസത്തെ സമയമാണ് നിയമ ലംഘകര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ സമയം അനുവദിച്ചത്. പിന്നീട് ഇത് മുപ്പത് ദിവസത്തേക്ക് കൂടി നീട്ടി നല്‍കുകയായിരുന്നു. ആറ് ലക്ഷത്തിലധികം പേര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയതായാണ് വിവരം. സൌദി പാസ്പോര്‍ട്ട് വിഭാഗം ഒരാഴ്ച മുന്‍പാണ് അവസാന കണക്ക് പ്രസിദ്ധകരിച്ചത്. അതുവരെ 5,72,000 പേരാണ് പൊതുമാപ്പ് ഉപയോഗപ്പെടുത്തിയത്. നാല്‍പതിനായിരത്തോളം ഇന്ത്യക്കാരാണ് ഇളവുകാലം ഉപയോഗപ്പെടുത്തി നാട്ടിലേക്ക് മടങ്ങിയത്. ജിദ്ദ കോണ്‍സുലേറ്റിന് കീഴിലെ പടിഞ്ഞാറന്‍ മേഖലയില്‍ നിന്ന് എണ്ണായിരത്തോളം ഇന്ത്യക്കാര്‍ മാത്രമാണ് നാട്ടിലേക്ക് മടങ്ങിയത്. മുന്‍ കാലങ്ങളെ അപേക്ഷിച്ച് നിയമ ലംഘകരായ ഇന്ത്യക്കാരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.

പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് പോയവരില്‍ 12,000 പേര്‍ പുതിയ വിസയില്‍ രാജ്യത്തേക്ക് തിരിച്ചുവന്നതായി പാസ്പോര്‍ട്ട് ഡയറക്ടറേറ്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. വിരലടയാളം എടുത്ത് രാജ്യത്തേക്ക് തിരിച്ചുവരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തില്ലെന്ന ഇളവാണ് ഇത്തരക്കാര്‍ക്ക് അവസരം തുറന്നുകൊടുത്തത്. പൊതുമാപ്പ് അവസാനിക്കുന്നതോടെ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍ വരും ദിവസങ്ങളില്‍ ശക്തമായ പരിശോധന ആരംഭിക്കും.

Related Tags :
Similar Posts