കുവൈത്ത് പൊതുമേഖലയിൽ സ്വദേശിവത്കരണം ഊർജ്ജിതമാക്കാൻ നീക്കം ആരംഭിച്ചതായി റിപ്പോർട്ട്
|ചില വകുപ്പുകളിൽ അഞ്ച് വർഷത്തിനിടെ 100 ശതമാനമാണ് സ്വദേശിവത്കരണം ഏർപ്പെടുത്താൻ നീക്കം
കുവൈത്തിലെ പൊതുമേഖലയിൽ സ്വദേശിവത്കരണം ഊർജ്ജിതമാക്കാൻ അധികൃതർ നീക്കം ആരംഭിച്ചതായി റിപ്പോർട്ട്. സോഫ്റ്റ്വെയർ, കമ്പ്യൂട്ടർ പ്രോഗ്രാമിങ്, ടാറ്റാ എൻട്രി, സെക്രട്ടറി, പ്രിന്റിങ്, പുസ്തക നിർമാണം, എക്സ്റ്റൻഷൻ ഓഫിസ്, സെക്യൂരിറ്റി ജോലിക്കാർ, സ്റ്റോർ കീപ്പർ, ഡ്രൈവർ തസ്തികകളിലും മറ്റ് സേവന മേഖലകളിലും 90 ശതമാനം സ്വദേശിവത്കരണം ഏർപ്പെടുത്തും.
ചില വകുപ്പുകളിൽ അഞ്ച് വർഷത്തിനിടെ 100 ശതമാനമാണ് സ്വദേശിവത്കരണം ഏർപ്പെടുത്താൻ നീക്കം. വകുപ്പ് ഭരണവുമായി ബന്ധപ്പെട്ട മേഖല, കല, സാംസ്കാരിക, പത്രപ്രവർത്തന മേഖലകൾ, പബ്ലിക് റിലഷൻ വകുപ്പ്, കടലുമായി ബന്ധപ്പെട്ട ജോലികൾ, ശാസ്ത്ര സാങ്കേതിക വകുപ്പുകൾ, ജനറൽ സെൻസസ് ബോർഡ് എന്നിവിടങ്ങളിലാണ് സ്വദേശിവത്കരണം നൂറ് ശതമാനമാക്കി ഉയർത്തുക. എൻജിനീയറിങ്, വിദ്യാഭ്യാസ, സ്പോർട്സ് മേഖലകളിലും 97 ശതമാനമാണ് കുവൈത്തിവത്കരണം ഏർപ്പെടുത്തുക.
ശാസ്ത്ര,സങ്കേതിക തസ്തികകളിലും ധനകാര്യ- വാണിജ്യ മേഖലകളിലം 95 ശതാനമാണ് കുവൈത്തിവത്കരണം ഉദ്ദേശിക്കുന്നു. കുറ്റാന്വേഷണ വിഭാഗം, മെഡിക്കൽ എമർജൻസി വിഭാഗം എന്നിവയിൽ 98 ശതമാനം സ്വദേശിവത്കരണം ഏർപ്പെടുമ്പോൾ എല്ലാവിധ സേവന മേഖലകളിലും 85 ശതമാനം സ്വദേശിവത്കരണത്തിനാണ് പദ്ധതി. കാർഷിക,മത്സ്യ സമ്പദ് മേഖലയിൽ 75 ശതമാനം തസ്തികകളിലും കുവൈത്തികളെ നിയമക്കും. പഠന പരിശീലനകാര്യങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകളിൽ 75 ശതമാനമാനത്തിലും കുവൈത്തികൾക്ക് അവസരം നൽകാനാണ് തീരുമാനം. ഈ പഞ്ചവത്സര പദ്ധതികൾ വഴി സർക്കാർ ജോലി കാത്തിരിക്കുന്ന മുഴുവൻ കുവൈത്തികൾക്കും നിയമനം നൽകാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.