Gulf
ഇന്ത്യൻ വീട്ടുവേലക്കാരികളുടെ നിയമന നടപടികൾ ഉടൻ പുനരാരംഭിക്കുമെന്ന് കുവൈത്ത്ഇന്ത്യൻ വീട്ടുവേലക്കാരികളുടെ നിയമന നടപടികൾ ഉടൻ പുനരാരംഭിക്കുമെന്ന് കുവൈത്ത്
Gulf

ഇന്ത്യൻ വീട്ടുവേലക്കാരികളുടെ നിയമന നടപടികൾ ഉടൻ പുനരാരംഭിക്കുമെന്ന് കുവൈത്ത്

Jaisy
|
9 May 2018 10:53 AM GMT

ഗാർഹിക ജോലിക്കാരുടെ നിയമന നടപടികൾക്കായി സർക്കാർ ചുമതലപ്പെടുത്തിയ അൽ ദുർറ കമ്പനി മേധാവി സാലിഹ് അൽ വുഹൈബ് ആണ് ഇക്കാര്യം അറിയിച്ചത്

ബാങ്ക്​ ഗ്യാരണ്ടിയുമായി ബന്ധപ്പെട്ട നിബന്ധനയിൽ ഉടക്കി മൂന്ന് വർഷമായി നിർത്തിവെച്ചിരുന്ന ഇന്ത്യൻ വീട്ടുവേലക്കാരികളുടെ നിയമന നടപടികൾ ഉടൻ പുനരാരംഭിക്കുമെന്ന് കുവൈത്ത്. ഗാർഹിക ജോലിക്കാരുടെ നിയമന നടപടികൾക്കായി സർക്കാർ ചുമതലപ്പെടുത്തിയ അൽ ദുർറ കമ്പനി മേധാവി സാലിഹ് അൽ വുഹൈബ് ആണ് ഇക്കാര്യം അറിയിച്ചത്.

തുടക്കത്തിൽ ഇന്ത്യയിൽനിന്ന് ഡ്രൈവർമാർ, പാചകക്കാർ, കുട്ടികളെ പരിചരിക്കുന്നവർ എന്നിവരെയാണ് നിയമിക്കുക. തൊഴിൽ പ്രാവീണ്യമുള്ള ഇന്ത്യക്കാരെ കൊണ്ടുവരുന്നതിന് 280 ദീനാറും തൊഴിൽ പരിചയമില്ലാത്തവരുടെ നിയമനത്തിന്​ 180 ദീനാറുമാണ് സ്​പോൺസർമാർക്ക് ബാധ്യത വരികയെന്ന് സാലിഹ് അൽ വുഹൈബ് പറഞ്ഞു. കുവൈത്തി പാരമ്പര്യങ്ങളുമായുള്ള അടുപ്പം, തൊഴിൽപരിചയം, താരതമ്യേന പ്രശ്നങ്ങൾ കുറഞ്ഞവർ തുടങ്ങിയ ഘടകങ്ങൾ ഇന്ത്യക്കാരെ മറ്റ് രാജ്യക്കാരിൽനിന്ന് വ്യത്യസ്തമാക്കുന്നുണ്ട്.

ചില യൂറോപ്യൻ രാജ്യങ്ങളിൽനിന്നും അറബ് രാജ്യങ്ങളിൽനിന്നും ഗാർഹിക ജോലിക്കാരെ നിയമിക്കാൻ പദ്ധതിയുള്ളതായ വാർത്ത സാലിഹ് വുഹൈബ് നിഷേധിച്ചു. പകർച്ചാവ്യാധിയും മാരകരോഗങ്ങളുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ വേലക്കാരികളെ കുവൈത്തിലെത്തിക്കുകയുള്ളൂ. ഇതിനായി വേലക്കാരികളെ സ്വന്തം നാട്ടിൽ മികച്ച വൈദ്യ പരിശോധനകൾക്ക് വിധേയമാക്കും. ഇങ്ങനെ നിയമിക്കപ്പെടുന്നവരുടെ കാര്യത്തിൽ കമ്പനിക്ക് ആറ് മാസം ഉത്തരവാദിത്തമുണ്ടായിരിക്കും. ഈ കാലത്ത്​ വേലക്കാരി ജോലി ചെയ്യാൻ വിസമ്മതിക്കുകയോ രോഗ ലക്ഷണം കാണുകയോ ചെയ്താൽ തൊഴിലുടമകൾക്ക്​ ചെലവായ പണം തിരിച്ചുകൊടുക്കാൻ കമ്പനി ബാധ്യസ്​ഥമാണ്. ജോലിക്കാർക്ക്​ വേണ്ടിയുള്ള അപേക്ഷകൾ ഒക്ടോബർ മുതൽ സ്വീകരിച്ചുതുടങ്ങാനാണ് പദ്ധതിയെന്ന് ഒരു ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു.

Related Tags :
Similar Posts