ഖറാഫി നാഷണൽ കമ്പനിയിലെ ഇന്ത്യൻ തൊഴിലാളികളുടെ പട്ടിക കുവൈത്ത് അധികൃതർക്കു കൈമാറി
|കുവൈത്ത് വിദേശമന്ത്രാലയം, തൊഴിൽമന്ത്രാലയം എന്നിവയ്ക്കു സമർപ്പിച്ച പട്ടികയിൽ 2084 തൊഴിലാളികളെ സംബന്ധിച്ച വിവരങ്ങളാണുള്ളത്
ഖറാഫി നാഷണൽ കമ്പനിയിലെ ദുരിതമനുഭവിക്കുന്ന ഇന്ത്യൻ തൊഴിലാളികളുടെ പട്ടിക ഇന്ത്യൻ എംബസി കുവൈത്ത് അധികൃതർക്കു കൈമാറി. കുവൈത്ത് വിദേശമന്ത്രാലയം, തൊഴിൽമന്ത്രാലയം എന്നിവയ്ക്കു സമർപ്പിച്ച പട്ടികയിൽ 2084 തൊഴിലാളികളെ സംബന്ധിച്ച വിവരങ്ങളാണുള്ളത്.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബർ സെപ്തംബർ 20ന് കുവൈത്ത് തൊഴിൽ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണു പ്രശ്നപരിഹാരത്തിനുള്ള നടപടികൾ ഊർജിതമായത്. ഇന്ത്യ-കുവൈത്ത് സംയുക്ത മിനിസ്റ്റീരിയൽ കമ്മിഷൻ യോഗത്തിലും വിഷയം ചർച്ചയായിരുന്നു. തുടർന്ന് തൊഴിലാളികളുടെ വിവരം ശേഖരിക്കാൻ ഇന്ത്യൻ എംബസി തിരക്കിട്ട പ്രവർത്തനങ്ങൾ നടത്തുകയായിരുന്നു. എംബസിയിൽ നേരിട്ടും ഇ-മെയിൽ/വാട്സാപ് വഴിയും ലഭിച്ച വിവരങ്ങൾ ക്രോഡീകരിച്ചാണ് പട്ടിക തയാറാക്കിയത്.
പലരും നൽകിയ വിവരങ്ങൾ പൂർണമല്ലാത്തതിനാൽ ക്രോഡീകരണം ശ്രമകരമായി. അതിനിടെ കമ്പനിയുടെ ലേബർ ക്യാംമ്പുകളിൽ നേരിട്ടെത്തി പട്ടിക പൂർത്തീകരണത്തിന് എംബസി ശ്രമം നടത്തിയെങ്കിലും കമ്പനി അനുകൂല നിലപാടെടുക്കാത്തതിനാൽ വിജയിച്ചില്ല. ശമ്പളം ലഭിക്കാതെയും ഇഖാമാ പുതുക്കാതെയും ദുരിതം പേറുന്നവരാണു ജീവനക്കാർ. ഇഖാമാ കാലാവധി കഴിഞ്ഞതിനാൽ രാജ്യംവിട്ടുപോകാൻ വൻതുക പിഴ അടയ്ക്കേണ്ട അവസ്ഥയിലാണു ജീവനക്കാർ. നാട്ടിലേക്കു തിരിച്ചുപോകാൻ ആഗ്രഹിക്കുന്നവർ, കുവൈത്തിൽ മറ്റെവിടെയെങ്കിലും ജോലി സമ്പാദിച്ച് ഇഖാമാ മാറ്റം ആഗ്രഹിക്കുന്നവർ എന്നിങ്ങനെ തരംതരിച്ചാണു പട്ടിക തയാറാക്കിയത്. ഇന്നലെ സമർപ്പിച്ച പട്ടികയിൽ ഉൾപ്പെടാത്തവർ ഇനിയുമുണ്ടെന്നാണു വിവരം. അവരെ ഉൾപ്പെടുത്തിയുള്ള അഡീഷനൽ പട്ടിക തയാറാക്കി വരുന്നതായും ഇന്ത്യൻ എംബസി വൃത്തങ്ങൾ അറിയിച്ചു.