കുവൈത്തിൽ സ്വകാര്യ വാഹനങ്ങളിൽ ഗ്യാസ് സിലിണ്ടറുകൾ കൊണ്ട് പോകുന്നതിനു നിയന്ത്രണം
|അഗ്നിശമന വിഭാഗമാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്
കുവൈത്തിൽ സ്വകാര്യ വാഹനങ്ങളിൽ ഗ്യാസ് സിലിണ്ടറുകൾ കൊണ്ട് പോകുന്നതിനു നിയന്ത്രണം ഏർപ്പെടുത്തി .ഒരേ സമയം നാലിൽ കൂടുതൽ സിലിണ്ടറുകൾ സ്വകാര്യ വാഹനങ്ങളിൽ കൊണ്ട് പോകുന്നവരിൽ നിന്ന് 500 ദിനാർ പിഴ ഈടാക്കും . അഗ്നിശമന വിഭാഗമാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത് .
മതിയായ സുരക്ഷ സംവിധാനങ്ങളിലാത്ത വാഹനങ്ങളിൽ ഗ്യാസ് സിലിണ്ടറുകൾ കുത്തി നിറച്ചു കൊണ്ട് പോകുന്നത് അപകടങ്ങൾക്കു കാരണമാകുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് അഗ്നിശമന വിഭാഗം നിയമം കർശനമാക്കിയത് . സിലിണ്ടറുകൾ പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനാണ് സ്വകാര്യ വാഹനങ്ങളിൽ പാചക വാതക സിലിണ്ടറുകൾ കൊണ്ടുപോകാനുള്ള എണ്ണത്തിൽ പരിധി നിശ്ചയിച്ചതെന്നും ഈ വർഷം തുടക്കം മുതൽ പ്രാബല്യത്തിലുള്ള നിയമമായതെന്നും അഗ്നിശമന സേനയിലെ സുരക്ഷാ വിഭാഗം ഉപമേധാവി ബ്രിഗേഡിയർ ഖാലിദ് അൽ അബ്ദുല്ല പറഞ്ഞു . നാല് സിലിണ്ടറുകൾ വരെയാണ് സ്വകാര്യ വാഹനങ്ങളിൽ കൊണ്ടുപോകാൻ അനുമതിയുള്ളത്. ഇതിൽ കൂടുതൽ കയറ്റിയാൽ 500 ദീനാർ പിഴ ഈടാക്കും . മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയ ഡീസൽ വാഹനങ്ങളിൽ മാത്രമാണ് പാചകവാതക സിലിണ്ടറുകൾ ഒരുമിച്ച് കൊണ്ടുപോകാൻ അനുവദിക്കുക .ഇത്തരം വാഹനങ്ങൾക്ക് ഫയർ സർവീസ് ഡയറക്ടറേറ്റിൽ നിന്നുള്ള അനുമതിപത്രം നിർബന്ധമാണ്. അനുമതി പത്രമില്ലാത്ത വാഹനങ്ങളിൽ നാളിൽ കൂടുതൽ ഗാസ് കൊണ്ട് പോകാൻ അനുവദിക്കരുതെന്ന് ജംഇയ്യകൾക്കും ഗാസ് വിതരണക്കാർക്കും നിർദേശം നൽകിയതായും ബ്രിഗേഡിയർ ഖാലിദ് അൽ അബ്ദുല്ല കൂട്ടിച്ചേർത്തു .