കുവൈത്തില്‍ സിഗരറ്റ് കുറ്റികള്‍ വലിച്ചെറിഞ്ഞാലും റോഡില്‍ തുപ്പിയാലും പിഴ
|കുറ്റികൾ റോഡിലേക്ക് വലിച്ചെറിയുന്നവരിൽ നിന്ന് 200 ദീനാർ പിഴ ഈടാക്കുമെന്നാണ് മുന്നറിയിപ്പ്
സിഗരറ്റുകുറ്റികൾ അലക്ഷ്യമായി ഉപേക്ഷിക്കുന്നവർക്കെതിരെ കർശന നടപടിയുമായി കുവൈത്ത് മുനിസിപ്പാലിറ്റി . കുറ്റികൾ റോഡിലേക്ക് വലിച്ചെറിയുന്നവരിൽ നിന്ന് 200 ദീനാർ പിഴ ഈടാക്കുമെന്നാണ് മുന്നറിയിപ്പ്. റോഡിൽ തുപ്പിയാലും പിഴ ഒടുക്കേണ്ടി വരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
കാപിറ്റൽ ഗവർണറേറ്റ് മുനിസിപ്പൽ എമർജൻസി മേധാവി സൈദ് അൽ ഇൻസിയാണ് ഇക്കാര്യം അറിയിച്ചത്. സിഗരറ്റ് അവശിഷ്ടങ്ങൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട മുനിസിപ്പൽ നിയമ ഭേദഗതിയുടെ പിൻബലത്തിലാണ് നിയമം കർശനമായി നടപ്പാക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പൊതു നിരത്തുകൾകൾക്ക് പുറമെ കളിസ്ഥലങ്ങൾ , മുറ്റങ്ങൾ, പാർക്കിംഗ് മേഖലകൾ, ഗാർഡനുകൾ തുടങ്ങിയ ഇടങ്ങളിൽ സിഗരറ്റ് കുറ്റികൾ അലക്ഷ്യമായി ഉപേക്ഷിച്ചാലും 200 ദിനാർ പിഴ ഈടാക്കും . ഇത്തരം നിയമലംഘനത്തിന് അഞ്ച് ദീനാറായിരുന്നു ഇതുവരെ പിഴ വസൂലാക്കിയിരുന്നത്. പാർക്കുകൾ, മാർക്കറ്റുകൾ, പൊതുസ്ഥലങ്ങൾ എന്നിവയും നിയമത്തിന്റെ പരിധിയിൽ വരും നിയമലംഘനം പിടിക്കപ്പെട്ടാൽ ഒരു വിട്ടുവീഴ്ചക്കും തയാറാകില്ല . അനുവദിക്കപ്പെട്ട ഇടങ്ങളിലല്ലാതെ തുപ്പുകയോ , മല-മൂത്ര വിസർജനം നടത്തുകയോ ചെയ്താലും ഇതേ പിഴ ഈടാക്കും ഇത്തരം നിയമലംഘനങ്ങൾക്ക് പരിസ്ഥിതി സംരക്ഷണ അതോറിറ്റി ഈടാക്കുന്ന 5000 ദീനാർ പിഴക്കു പുറമെയാണിത് . പരിസര ശുചിത്വം പാലിക്കുന്ന കാര്യത്തിൽ ജനങ്ങളുടെ ഭാഗത്തുനിന്നു അലംഭാവം വർധിച്ച സാഹചര്യത്തിലാണ് നടപടി കടുപ്പിക്കുന്നതെന്ന് സൈദ് അൽ ഇൻസി കൂട്ടിച്ചേർത്തു.