ഇന്‍ഷുറന്‍സ് പ്രീമിയം അടക്കാതിരിക്കാന്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ സൗദിയില്‍ 10,000 റിയാല്‍ പിഴ
|തൊഴിലാളികളുടെ വിവരങ്ങള്‍ ഉറപ്പുവരുത്താന്‍ മൂന്ന് മാര്‍ഗങ്ങള്‍ ഇന്‍ഷുറന്‍സ് ഓര്‍ഗനൈസേഷന്‍ അവലംബിക്കും
ഇന്‍ഷുറന്‍സ് പ്രീമിയം അടക്കാതിരിക്കാന്‍ തൊഴിലാളികളുടെ വിവരങ്ങള്‍ തെറ്റായി നല്‍കിയാല്‍ സൗദിയില്‍ 10,000 റിയാല്‍ പിഴ ഈടാക്കും. തൊഴിലാളികളുടെ വിവരങ്ങള്‍ ഉറപ്പുവരുത്താന്‍ മൂന്ന് മാര്‍ഗങ്ങള്‍ ഇന്‍ഷുറന്‍സ് ഓര്‍ഗനൈസേഷന്‍ അവലംബിക്കും. കൃത്രിമത്വം നടക്കുന്നതായി ശ്രദ്ധയില്‍ പെട്ട സാഹചര്യത്തിലാണ് നടപടി.
ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷൂറന്‍സിലാണ് തൊഴിലാളികളുടെ സേവന, വേതന വിവരങ്ങള്‍ നല്‍കേണ്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്‍ഷൂറന്‍സ് പ്രീമിയം അടക്കണം. ഇതില്‍ കൃത്രിമം കാണിച്ചാല്‍ 10,000 റിയാല്‍ പിഴ ചുമത്തുമെന്നാണ് ന്നറിയിപ്പ് . ഇന്‍ഷൂറന്‍സ് പ്രീമിയം അടക്കുന്നതില്‍ കുറവുവരുത്താന്‍ വേണ്ടി ചില സ്ഥാപനങ്ങള്‍ ജോലിക്കാരുടെ ശമ്പളം കുറച്ചുകാണിക്കുന്ന പ്രവണത ശ്രദ്ധയില്‍ പെട്ടതായി ഗോസി വ്യക്തമാക്കി. തൊഴില്‍ മന്ത്രാലയവുമായി സഹകരിച്ച് ഗോസി തൊഴിലാളികളുടെ സേവന, വേതന രേഖകള്‍ പരിശോധിക്കാന്‍ ഗോസിക്ക് അധികാരമുണ്ടെന്ന് മീഡിയ വിഭാഗം മേധാവി സുഊദ് അല്‍ഖബ്ബാഅ് പറഞ്ഞു.
തൊഴില്‍ മന്ത്രാലയം നിര്‍ബന്ധമാക്കിയ വേതനസുരക്ഷ നിയമത്തിന്റെ ഭാഗമായി സേവന, വേതന വിവരങ്ങള്‍ കൃത്യമായി മന്ത്രാലയത്തിന് നല്‍കേണ്ടതുണ്ട്. എന്നാല്‍ ഗോസിയില്‍ അടക്കാനുള്ള ഇന്‍ഷൂറന്‍സ് പ്രീമിയം കുറക്കാന്‍ വേണ്ടി ചില ജോലിക്കാരുടെ വേതനം കുറച്ചുകാണിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഗോസി തൊഴില്‍ സ്ഥാപനങ്ങളില്‍ നടത്തുന്ന പരിശോധനയിലൂടെയും ഇതര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലും തൊഴിലാളികളില്‍ നിന്ന് ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിലും സേവന, വേതന വിവരങ്ങള്‍ പരിശോധിക്കാന്‍ ഗോസിക്ക് സാധിക്കുമെന്നും അധികൃതര്‍ വിശദീകരിച്ചു. തൊഴിലാളികളുടെ വിവരങ്ങള്‍ കൃത്യമായി നല്‍കുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് തൊഴിലുടമകളുടെ ബാധ്യതയാണെന്നും വക്താവ് ഓര്‍മിപ്പിച്ചു.