സ്വര്‍ണ്ണക്കടകളിലെ സ്വദേശിവത്ക്കരണം; 35,000 വിദേശികള്‍ക്ക് ജോലി നഷ്ടമാകും
|നവംബര്‍ 4ന് പ്രാബല്യത്തിലായ സ്വദേശി വത്കരണത്തോടെ വിദേശിയെ നിയമിച്ചാല്‍ വന്‍തുക പിഴയുണ്ട്
സൌദിയില്‍ സ്വര്‍ണ്ണക്കടകളിലെ സ്വദേശിവത്ക്കരണം പാലിക്കാത്ത 212 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുണ്ടാകും. രാജ്യത്തെ ആറായിരത്തിലേറെ ജ്വല്ലറികളിലെ പരിശോധന അന്തിമ ഘട്ടത്തിലെത്തി. സ്വദേശിവത്ക്കരണം പൂര്‍ത്തിയാകുന്നതോടെ മുപ്പത്തിഅയ്യായിരം വിദേശികള്‍ക്ക് ജോലി നഷ്ടമാകും.
നവംബര്‍ 4ന് പ്രാബല്യത്തിലായ സ്വദേശിവത്ക്കരണത്തോടെ വിദേശിയെ നിയമിച്ചാല്‍ വന്‍തുക പിഴയുണ്ട്. വിദേശികളുടെ എണ്ണത്തിനനുസരിച്ച് പിഴ ഇരട്ടിക്കും. ഇതോടെ ചില സ്ഥാപനങ്ങള്‍ പൂട്ടി. ചില സ്ഥാപനങ്ങള്‍ സ്വദേശികളെ കിട്ടാനില്ലാതെ താല്‍ക്കാലികമായി അടച്ചിട്ടു. 6000 സ്ഥാപനങ്ങളില്‍ പരിശോധന ബാക്കിയുള്ളത് ഇനി 40 സ്ഥാപനങ്ങളില്‍ മാത്രമാണ്. ഇതുവരെയുള്ള പരിശോധനയില്‍ 210 സ്ഥാപനങ്ങളില്‍ നിയമംലംഘനം കണ്ടെത്തി. ഇവര്‍ക്കെതിരെ നടപടിയും ആരംഭിച്ചു. വിവിധ മന്ത്രാലയങ്ങളുടെ ഏകോപനത്തിലുള്ള മേല്‍നോട്ട സമിതിയുടെ നേതൃത്വത്തിലാണ് ജ്വല്ലറി മേഖലയിലെ സ്വദേശിവത്ക്കരണ നടപടികള്‍. പരിശീലനം ലഭിക്കാത്തവര്‍ക്ക് അത് നല്‍കാന്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. വിദേശികള്‍ നടത്തിയിരുന്ന സ്ഥാപനങ്ങളില്‍ ചിലത് അടച്ച് പൂട്ടിയതായും അറബ് മാധ്യമങ്ങള്‍ റിപ്പോട്ട് ചെയ്യുന്നു.