യുഎഇയിലെ പങ്കാളിത്ത ബിസിനസുകള്ക്ക് 'ടാക്സ് ഗ്രൂപ്പ്' രജിസ്ട്രേഷന് ആവശ്യമായേക്കും
|എഫ്.ടി.എ വെബ്സൈറ്റിലെ ഇ സേവന പോർട്ടൽ വഴി ലളിതമായ മൂന്ന് ഘട്ടങ്ങളിലൂടെ മൂല്യവർധിത നികുതി രജിസ്ട്രേഷൻ പൂർത്തിയാക്കാമെന്ന് അതോറിറ്റി ആവർത്തിച്ച് വ്യക്തമാക്കി.
രണ്ടോ അതിലധികമോ വ്യക്തികൾ പങ്കാളിത്ത വ്യവസ്ഥയിൽ നടത്തുന്ന ബിസിനസിന് 'ടാക്സ് ഗ്രൂപ്പ്' എന്ന നിലയിലുള്ള രജിസ്ട്രേഷൻ ആവശ്യമായേക്കാമെന്ന് യു.എ.ഇ ഫെഡറൽ നികുതി അതോറിറ്റി അറിയിച്ചു. പങ്കാളികളിൽ ഓരോരുത്തർക്കും യു.എ.ഇയിൽ ബിസിനസ് സ്ഥലമോ സ്ഥിരം ബിസിനസോ ഉണ്ടായിരിക്കുക, സാമ്പത്തിക ധനകാര്യ നിർവഹണത്തിൽ ബിസിനസ് പങ്കാളികൾ വെവ്വേറെയല്ലാതെ ബന്ധപ്പെട്ടിരിക്കുക, ഗ്രൂപ്പിലെ ഒരാൾക്കോ ഒന്നിലധികം പേർക്കോ മറ്റുള്ളവർക്ക് മേൽ നിയന്ത്രണമുണ്ടാവുക എന്നീ സാഹചര്യങ്ങളിലാണ് 'ടാക്സ് ഗ്രൂപ്പ്' രജിസ്ട്രേഷൻ ആവശ്യമാവുകയെന്നും എഫ്.ടി.എ വിശദീകരിച്ചു.
ടാക്സ് ഗ്രൂപ്പ് ആയി രജിസ്റ്റർ ചെയ്യാൻ ആദ്യം ഗ്രൂപ്പിലെ ഒരംഗത്തെ പ്രതിനിധിയായി നാമനിർദേശം ചെയ്യണം. ഈ പ്രതിനിധിയാണ് രജിസ്ട്രേഷന് അപേക്ഷ സമർപ്പിക്കേണ്ടത്. ഇയാൾക്ക് ടാക്സ് ഐഡന്റിഫിക്കേഷൻ നമ്പർ ലഭിച്ചാൽ മറ്റു അംഗങ്ങളെയും ടാക്സ് ഗ്രൂപ്പ് രജിസ്ട്രേഷനിലൂടെ ചേർക്കാൻ സാധിക്കും. ഓരോ അംഗങ്ങളും വെവ്വേറെ രജിസ്റ്റർ ചെയ്താലും ഇല്ലെങ്കിലും ഇത് സാധ്യമാണ്. ഈ പ്രക്രിയ പൂർത്തിയാക്കുകയും അംഗങ്ങളെ ചേർക്കാനുള്ള അപേക്ഷ സമർപ്പിക്കുകയും ചെയ്താൽ മൊത്തം ഗ്രൂപ്പിന് ടാക്സ് രജിസ്ട്രേഷൻ നമ്പർ നൽകും.
എഫ്.ടി.എ വെബ്സൈറ്റിലെ ഇ സേവന പോർട്ടൽ വഴി ലളിതമായ മൂന്ന് ഘട്ടങ്ങളിലൂടെ മൂല്യവർധിത നികുതി രജിസ്ട്രേഷൻ പൂർത്തിയാക്കാമെന്ന് അതോറിറ്റി ആവർത്തിച്ച് വ്യക്തമാക്കി. ആഴ്ചയിൽ 24 മണിക്കൂറും ലഭ്യമായ എഫ്.ടി.എ വെബ്സൈറ്റിലെ ഇ സേവന പോർട്ടൽ വഴി നികുതി ബാധ്യതയുള്ള വ്യക്തിക്കോ ഔദ്യോഗിക പ്രതിനിധിക്കോ രജിസ്റ്റർ ചെയ്യാം. വാറ്റ് രജിസ്ട്രേഷൻ, വാറ്റ് റിട്ടേൺ സമർപ്പണം, നികുതി കുടിശ്ശിക അടക്കൽ തുടങ്ങിയ സേവനങ്ങൾക്ക് അന്താരാഷ്ട്ര നിലവാരത്തോടെയാണ് വെബ്സൈറ്റ് തയാറാക്കിയിരിക്കുന്നത്. കൂടാതെ നികുതി സംവിധാനം സംബന്ധിച്ച വിവരങ്ങളും മാർഗനിർദേശങ്ങളിലും ബോധവത്കരണവും വെബ്സൈറ്റിലുണ്ട്.
വാറ്റ് രജിസ്ട്രേഷൻ നടത്താത്തവരിൽനിന്ന് ഏപ്രിൽ 30 വരെ പിഴ ഈടാക്കേണ്ടെന്ന തീരുമാനത്തിന്റെ നേട്ടം കരസ്ഥമാക്കാൻ ബിസിനസ് സ്ഥാപനങ്ങളോട് എഫ്.ടി.എ നിർദേശിച്ചു. പിഴ ഒഴിവാക്കാൻ വേണ്ടി നികുതി ബാധ്യതയുള്ള മുഴുവൻ വ്യക്തികൾക്കും മാർഗനിർദേശം നൽകാനും നികുതി സംവിധാനത്തിന് അനുസൃതമായി അവരുടെ ബിസിനസ് മാറ്റിയെടുക്കാനുമുള്ള എഫ്.ടി.എയുടെ പ്രതിബദ്ധതയാണ് ഈ നടപടിയിൽ പ്രതിഫലിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.