ദമാം മീഡിയ ഫോറം തെരഞ്ഞെടുപ്പ് സംവാദം സംഘടിപ്പിച്ചു
|"ജനവിധി 2016" എന്നാ പേരില്‍ നടന്ന സംവാദം ഇറാം ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ഡോ: സിദ്ധീഖ് അഹമ്മദ് ഉദ്ഘാടനം ചെയ്തു.
ദമാം മീഡിയ ഫോറം തെരഞ്ഞെടുപ്പ് സംവാദം സംഘടിപ്പിച്ചു. "ജനവിധി 2016" എന്നാ പേരില്‍ നടന്ന സംവാദം ഇറാം ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ഡോ: സിദ്ധീഖ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. കിഴക്കന്‍ പ്രവിശ്യയിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക സംഘടനാ പ്രധിനിധികള്‍ സംവാദത്തില്‍ പങ്കെടുത്തു.
മുഖ്യധാര രാഷ്ട്രീയ സംഘടനകളെ പ്രധിനിധീകരിച്ച് കെ.എം.സി.സി, ഒ.ഐ.സി.സി, നവോദയ, നവയുഗം എന്നി സംഘടനാ നേതാക്കളായിരുന്നു പാനലില്‍ ഉണ്ടായിരുന്നത്. ഭരണപക്ഷ സംഘടനാ പ്രധിനിധികളോടുള്ള ഭരണത്തിലെ അഴിമതിയും കോഴയും സ്ത്രീ പീഡനങ്ങളുടെ കണക്കുകളും, പാരിസ്ഥിതിക പ്രശ്നങ്ങളും അടക്കം നിരവധി ചോദ്യങ്ങള്‍ കൊണ്ടു രംഗം ചൂടുപിടിച്ചു. പ്രതിപക്ഷ സംഘടനാ നേതാക്കള്‍ക്ക് നേരെ ഒത്തു തീര്‍പ്പ് സമരങ്ങളെക്കുറിച്ചും കൊലപാതക രാഷ്ട്രീയത്തെ കുറിച്ചും സദസ്സില്‍ നിന്ന് ചോദ്യങ്ങളുയര്‍ന്നു.
നിതാഖാത്ത് മൂലം ജോലി നഷ്ടപ്പെടുന്നവര്‍, അവരുടെ പുനരധിവാസം, ക്ഷേമ പെന്‍ഷനുകള്‍, ഇവിടെ മരണപ്പെടുന്നവരെ നാട്ടിലെത്തിക്കുന്നതിനും അവരുടെ കുടുംബങ്ങള്‍ക്ക് ആശ്വാസമേകുന്ന തരത്തിലുള്ള ഇടപെടലുകള്‍ തുടങ്ങി പ്രവാസികള്‍ അഭിമുഖീകരിക്കുന്ന ഒട്ടു മിക്ക പ്രശ്നങ്ങളും ചര്‍ച്ചയില്‍ പരാമര്‍ശിക്കപ്പെട്ടു. മാധ്യമ പ്രവര്‍ത്തകരായ പിടി അലവി, മുഹമ്മദ് ശരീഫ്, സുബൈര്‍ ഉദിനൂര്‍, മുജീബ് കളത്തില്‍ എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു.