ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ പുതിയ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
|തെരഞ്ഞെടുപ്പ് മെയ് 4ന് നടക്കും
സൌദിയിലെ ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ പുതിയ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് മെയ് 4ന് നടക്കും. മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരു രക്ഷിതാവിന് ഒരു മത്സരാര്‍ത്ഥിക്ക് മാത്രമേ വോട്ട് ചെയ്യാന്‍ സാധിക്കൂ. മലയാളി വിദ്യാര്‍ഥികള്‍ ഏറെയുള്ള സ്‌കുളില്‍ പുതിയ തീരുമാനം മലയാളികളെ ബാധിക്കും.
നിലവിലെ ഭരണസമിതിയുടെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള സ്‌കൂള്‍ ഭരണസമിതിയെ കണ്ടെത്തുന്നതിനുള്ള തെരഞ്ഞെടുപ്പ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പ്രഖ്യാപിച്ചത്. അഞ്ച് ഭരണസമിതി അംഗങ്ങളില്‍ ഒരു സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ഒരംഗത്തെ മാത്രമേ തെരഞ്ഞെടുക്കുകയുളളൂ. നിലവില്‍ രണ്ട് പേര്‍ക്ക് അവസരമുണ്ടായിരുന്നു. മലയാളി വിദ്യാര്‍ഥികള്‍ ഏറെയുള്ള സ്‌കുളില്‍ പുതിയ തീരുമാനം കൂടുതല്‍ ബാധിക്കുക മലയാളി രക്ഷിതാക്കളെ തന്നെയാകും.
ഏപ്രില്‍ 15 മുതല്‍ 19 വരെ സ്ഥാനാര്‍തികള്‍ക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. ഏതെങ്കിലും അംഗീകൃത സര്‍വ്വകലാ ശാലയില്‍ നിന്നുള്ള ബിരുദമാണ് മല്‍സരാര്‍തിയുടെ ഏറ്റവും കുറഞ്ഞ വിദ്യഭ്യാസ യോഗ്യതയായി നിശ്ചയിച്ചിരിക്കുന്നത്. പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തിയ അഡ്രസിന്റെ അടിസ്ഥാനത്തിലായിരിക്കും ഏത് സംസ്ഥാനത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയാണെന്ന് തീരുമാനിക്കുക. അന്തിമ വോട്ടേഴ്‌സ് ലിസ്‌റ്റ് ഏപ്രില്‍ 14 ന് പ്രസീദ്ധീകരിക്കും.