ഷാര്‍ജ പുസ്തക മേളയില്‍ കേരളത്തിലെ പുരോഗമന പ്രസിദ്ധീകരണാലയങ്ങളും
|ചിന്ത പബ്ളിക്കേഷന്‍, പ്രഭാത് ബുക്സ് ഹൗസ്, ശാസ്ത്ര സാഹിത്യ പരിഷത് എന്നിവയുടെ സ്റ്റാളുകളാണ് മേളയില്‍ പുരോഗമനാശയമുള്ള പുസ്തക പ്രേമികളെ ആകര്‍ഷിക്കുന്നത്.
കേരളത്തിലെ പുരോഗമന പ്രസിദ്ധീകരണാലയങ്ങളും ഷാര്‍ജ പുസ്തക മേളയില്‍ സജീവമാണ്. ഇ.എം.എസ് ഉള്‍പ്പെടെ കമ്യൂണിസ്റ്റ് നേതാക്കളുടെ രചനകളും അവരെ കുറിച്ച് പ്രമുഖര്‍ തയാറാക്കിയ കൃതികളുമാണ് ഇത്തരം പ്രസിദ്ധീകരണാലയങ്ങളില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്നത്.
ചിന്ത പബ്ളിക്കേഷന്‍, പ്രഭാത് ബുക്സ് ഹൗസ്, ശാസ്ത്ര സാഹിത്യ പരിഷത് എന്നിവയുടെ സ്റ്റാളുകളാണ് മേളയില്‍ പുരോഗമനാശയമുള്ള പുസ്തക പ്രേമികളെ ആകര്‍ഷിക്കുന്നത്. പഴയതും പുതിയതുമായ ഒട്ടേറെ പുസ്തകങ്ങളാണ് പ്രസാധകര് ഷാര്‍ജയില്‍ എത്തിച്ചിരിക്കുന്നത്. കമ്യൂണിസ്റ്റ് ആശയങ്ങള്‍ അടങ്ങിയ പുസ്തകങ്ങള്‍ പ്രവാസ ലോകത്തെ പുതുതലമുറ താല്പര്യപൂര്വം വാങ്ങുന്ന പ്രവണതയാണുള്ളതെന്ന് എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ എ.വി അനില്‍ കുമാര്‍ പറഞ്ഞു.
'ഗുരു എന്തിന് എസ്.എന്‍.ഡി.പി വിട്ടു?' എന്ന അനില്‍ കുമാറിന്റെ കൃതിയും നല്ല തോതില്‍ വിറ്റു പോകുന്നുണ്ട്. ഇ.എം.എസ് ഉള്‍പ്പെടെയുള്ള നേതാക്കളെ കുറിച്ച, ലിപി പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച അനില്‍കുമാറിന്റെ നാല് പുസ്തകങ്ങളുടെ പ്രകാശനവും മേളയില്‍ നടന്നു.
കാനം രാജേന്ദ്രന്റെ പുസ്തകം പ്രകാശനം ചെയ്യാന്‍ സി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി എത്തിയതും പ്രവര്‍ത്തകര്‍ക്ക് ആവേശമായി. ശാസ്ത്ര സാഹിത്യ പരിഷത്ത് സ്റ്റാളില്‍ യൂറീക്ക ഉള്‍പ്പെടെയുള്ള ബാല പ്രസിദ്ധീകരണങ്ങള്‍ക്ക് വരി ചേരാന്‍ മികച്ച പ്രതികരണമാണുള്ളത്.