ദുബൈയിൽ അബ്ര ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധന
|അബ്രയിൽ കൂടുതൽ മെച്ചപ്പെട്ട സംവിധാനങ്ങൾ ഒരുക്കാനുള്ള ഒരുക്കത്തിൽ കൂടിയാണ് അധികൃതർ
ദുബൈയിൽ ജല ഗതാഗത സംവിധാനമായ അബ്ര ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധന. അബ്രയിൽ കൂടുതൽ മെച്ചപ്പെട്ട സംവിധാനങ്ങൾ ഒരുക്കാനുള്ള ഒരുക്കത്തിൽ കൂടിയാണ് അധികൃതർ.
ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ മാത്രം ജല ഗതാഗത സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയത് 66 ലക്ഷം യാത്രക്കാർ. ഇതിൽ 62 ലക്ഷം പേരും അബ്രയിലാണ് സഞ്ചരിച്ചതെന്ന് റോഡ് ഗതാഗത അതോറിറ്റി ) പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നു. ആഹ്ലാദകരവും സൗകര്യപ്രദവുമായ പൊതുഗതാഗത മാർഗം പ്രയോജനപ്പെടുത്താനുള്ള ജനങ്ങളുടെ താൽപര്യമാണ് ഇതിലൂടെ തിരിച്ചറിയാനാവുന്നതെന്ന് അതോറിറ്റി വ്യക്തമാക്കി.
6,638,468 ആണ് യാത്രക്കാരുടെ കൃത്യമായ കണക്ക്. പരമ്പരാഗത അബ്രകൾക്കു പുറമെ വൈദ്യുതിയിൽ പ്രവർത്തിക്കുന്നതും ശീതികരിച്ചതുമായ അബ്രകളും യാത്രക്കാരുടെ പ്രിയ വാഹനമായി. പഴമയുടെ ചന്തവും ആധുനികതയുടെ മികവും ഒന്നിച്ച ഇത്തരം വാഹനങ്ങളിൽ യാത്ര ചെയ്യുന്നത് ജനങ്ങൾക്ക് ഏറെ ഉല്ലാസം പകരുന്നുണ്ട്. വാട്ടർബസുകളിൽ രണ്ടര ലക്ഷത്തോളം പേർ സഞ്ചരിച്ചു. ഫെറിയിൽ ഒന്നേ കാൽ ലക്ഷത്തിലേറെ പേരും ജലടാക്സിയിൽ 16,705 പേരും സഞ്ചരിച്ചു. ജല ഗതാഗത മാർഗങ്ങൾ കുടുതൽ കാര്യക്ഷമമാക്കുന്നതിനും പുത്തൻ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുന്നതിനും അതോറിറ്റി ശ്രദ്ധപുലർത്തുന്നുണ്ട്. നഗരത്തിന്റെ പുത്തൻ കാഴ്ചാ വിസ്മയമായ ദുബൈ കനാലിന്റെ വരവോടെ താമസക്കാർക്കും സന്ദർശകർക്കും ജലഗതാഗതം കൂടുതൽ ആകർഷകമായി മാറിയതായും യൂസുഫ് അൽ അലി പറഞ്ഞു.