ദുരിതത്തിലായ പ്രവാസികള്‍ക്ക് കേന്ദ്രം സാമ്പത്തിക സഹായം നല്‍കിയേക്കില്ല
|ഇതുവരെ ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. തൊഴിലാളി ക്യാമ്പുകളിലെത്തിയ വികെ സിങ് തൊഴിലാളികളുമായി സംസാരിച്ചു.
സൌദിയില്‍ ദുരിതമനുഭവിക്കുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കിയേക്കില്ല. ഇതുവരെ ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. തൊഴിലാളി ക്യാമ്പുകളിലെത്തിയ വികെ സിങ് തൊഴിലാളികളുമായി സംസാരിച്ചു. മറ്റ് രാജ്യങ്ങള്‍ തൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയത് ചൂണ്ടിക്കാട്ടിയപ്പോള്‍ കൃത്യമായ മറുപടി നല്കാന് തയ്യാറാവാതെ മന്ത്രി ഒഴിഞ്ഞുമാറി.
സൌദി ഓജറിന്റെ ഹൈവേ ക്യാമ്പിലെത്തിയ വികെ സിങിനോട് ഇന്ത്യന്‍ തൊഴിലാളികളാണ് സാമ്പത്തിക സഹായം നല്കുന്ന കാര്യത്തെ കുറിച്ച് ചോദിച്ചത്. പാകിസ്താന്, നേപ്പാള്‍, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ തങ്ങളുടെ തൊഴിലാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സാമ്പത്തി സഹായം നല്‍കിയത് ചൂണ്ടിക്കാണിച്ചായിരുന്നു തൊഴിലാളികളുടെ ചോദ്യം. മുപ്പത് ലക്ഷ്യം ഇന്ത്യക്കാര്‍ സൌദിയിലുള്ളതിനാല് ഇത് പ്രായോഗികമല്ലെന്ന രീതിയിലാണ് അദ്ദേഹം മറുപടി നല്‍കിയത്. തൊഴിലാളികളെ സൌജന്യമായി സര്‍ക്കാര്‍ നാട്ടിലെത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് സൌദി സര്‍ക്കാര്‍ ടിക്കറ്റ് നല്കുന്ന സഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ചെറിയ രീതിയിലെങ്കിലും സാമ്പത്തിക സഹായം നല്‍കണമെന്നാണ് ആവശ്യം. ഡല്‍ഹിയിലും മുംബൈയിലും എത്തുന്ന തൊഴിലാളികള്‍ക്ക് അവരവരുടെ നാടുകളിലേക്ക് തീവണ്ടി യാത്ര കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തുമെന്നും വികെ സിങ് പറഞ്ഞു. അതത് സംസ്ഥാനങ്ങള്‍ സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കില്‍ അതു ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു. റെസിഡന്‍സ് കമ്മീഷണര്‍മാരുമായി ബന്ധപ്പെട്ട് ഇതു പൂര്‍ത്തിയാക്കാമെന്നും സിങ് പറഞ്ഞു. രണ്ടു ദിവസമായി സൌദിയിലുള്ള മന്ത്രി ഇന്ന് താഇഫിലെ ക്യാമ്പില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് മടങ്ങുക.