ഒമാനില്‍ ജിസിസി പരിചയമുള്ള വിദേശികൾക്ക് ഡിമാന്റ്
|ജിസിസി പരിചയമുള്ള വിദേശികൾക്കാണ് ഡിമാന്റ് കൂടുതലെന്നും വിവിധ ഏജൻസികൾ പറയുന്നു
ഒമാനിൽ തൊഴിലവസരങ്ങളിൽ ചെറിയ മാറ്റം ദൃശ്യമായതായി റിക്രൂട്ടിങ് ഏജൻസികൾ. ജിസിസി പരിചയമുള്ള വിദേശികൾക്കാണ് ഡിമാന്റ് കൂടുതലെന്നും വിവിധ ഏജൻസികൾ പറയുന്നു. 40 ശതമാനം അവസരങ്ങളാണ് നിലവിൽ ഇത്തരക്കാർക്കുള്ളത്.
വിദേശത്ത് നിന്ന് തൊഴിലാളികളെ കൊണ്ടുവരുന്നതിൽ നിന്ന് തൽക്കാലത്തേക്ക് പിൻതിരിഞ്ഞ് നിൽക്കാനാണ് പല കമ്പനികളും താൽപര്യപ്പെടുന്നത്. പണം മുടക്കി ഇവിടെ കൊണ്ടുവരുന്നവർ ജോലിയിൽ തുടരാത്തപക്ഷമുണ്ടാകുന്ന നഷ്ടം മുൻനിർത്തിയാണ് ഈ നിലപാടിലേക്ക് കമ്പനികൾ എത്തിയത്. പകരം ജിസിസി പരിചയമുള്ള വിദേശികളെ ജോലിക്ക് എടുക്കുന്നത് സുരക്ഷിത ഇടപാടായാണ് കമ്പനികൾ കരുതുന്നതെന്നും റിക്രൂട്ടിങ് ഏജൻസികൾ ചൂണ്ടിക്കാണിക്കുന്നു. ഒമാനിലെ വിവിധ വികസന പ്രവർത്തന പദ്ധതികളിലും ജിസിസിയിൽ പരിചയസമ്പത്തുള്ള വിദേശികൾക്ക് ധാരാളം അവസരങ്ങളാണ് ഉള്ളത്. എൻഒസിയുമായി ബന്ധപ്പെട്ട ആശങ്കൾ വിദേശികളെ ഒമാനിൽ എത്തുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നുണ്ടെന്നും റിക്രൂട്ടിങ് ഏജൻസികൾ പറയുന്നു.
എണ്ണയിതര സമ്പദ്ഘടനയിലേക്കുള്ള വളർച്ചയുടെ പാതയിൽ വലിയ തോതിലുള്ള വികസന പ്രവർത്തനങ്ങളാണ് രാജ്യത്ത് നടക്കുന്നത്. ദുഖമിലും സൊഹാറിലും ശതകോടിക്കണക്കിന് ഡോളറുകളാണ് നിക്ഷേപ പദ്ധതികൾക്കായി ചെലവിടുന്നത്. ഇത്തരം പദ്ധതികളിലെ അവസരങ്ങൾ വിദേശികൾ ധാരാളമായി വിനിയോഗിക്കുന്നുണ്ട്. സ്വദേശികൾ പരിശീലിക്കപ്പെട്ട് ഈ മേഖലകളിലേക്ക് കടന്നുവരുന്നതുവരെ വിദേശികൾക്ക് ഈ മേഖലയിൽ തുടരാൻ കഴിയും. അറബിയും ഇംഗ്ലീഷും സംസാരിക്കാൻ അറിയുന്നവർക്കും പ്രാദേശികവും അന്തർദേശീയവുമായ പരിചയവും ഉള്ളവർക്കാണ് അവസരങ്ങളേറെയെന്നും റിക്രൂട്ടിങ് ഏജൻസികൾ ചൂണ്ടിക്കാണിക്കുന്നു.