Gulf
ഗള്‍ഫ് പ്രതിസന്ധി; കുവൈത്ത്​ അമീറിന്റെ നേതൃത്വത്തിൽ വീണ്ടും മധ്യസ്ഥനീക്കംഗള്‍ഫ് പ്രതിസന്ധി; കുവൈത്ത്​ അമീറിന്റെ നേതൃത്വത്തിൽ വീണ്ടും മധ്യസ്ഥനീക്കം
Gulf

ഗള്‍ഫ് പ്രതിസന്ധി; കുവൈത്ത്​ അമീറിന്റെ നേതൃത്വത്തിൽ വീണ്ടും മധ്യസ്ഥനീക്കം

Jaisy
|
11 May 2018 12:17 AM GMT

പ്രതിസന്ധി പരിഹാരത്തിന്​ ചില പുതിയ ഫോർമുലകൾ അണിയറയിൽ രൂപപ്പെടുന്നതായും റിപ്പോർട്ടുണ്ട്​

ഗൾഫ്​ പ്രതിസന്ധിക്ക്​ പരിഹാരം തേടി കുവൈത്ത്​ അമീറിന്റെ നേതൃത്വത്തിൽ മധ്യസ്ഥനീക്കം വീണ്ടും. ഇരുപക്ഷവും കടുത്ത നിലപാടിൽ ഉറച്ചു നിൽക്കുകയാണെങ്കിലും പ്രതിസന്ധി പരിഹാരത്തിന്​ ചില പുതിയ ഫോർമുലകൾ അണിയറയിൽ രൂപപ്പെടുന്നതായും റിപ്പോർട്ടുണ്ട്​.

ഖത്തറുമായി ബന്ധപ്പെട്ട ജിസിസി പ്രതിസന്ധി പരിഹരിക്കുന്നതിന്​ കുവൈത്ത്​ നയതന്ത്രനീക്കം ഏറെ താൽപര്യത്തോടെയാണ്​ എല്ലാവരും ഉറ്റുനോക്കുന്നത്​. പ്രശ്ന പരിഹാരത്തിനുള്ള പുതിയ നിർദേശങ്ങളടങ്ങുന്നതെന്ന്​ കരുതുന്ന കുവൈത്ത്​ അമീർ ശൈഖ്​ സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ കത്തുമായി വിദേശകാര്യമന്ത്രി ശൈഖ് സബാഹ് അൽ ഖാലിദ് അസ്സബാഹ് യു.എ.ഇയിലെത്തി. യു.എ.ഇ പ്രസിഡന്റ്​ ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്​യാന്റെ പേരിലുള്ള കത്ത്​ വൈസ്​ പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിനാണ്​ അമീറിന്റെ കത്ത്​ കൈമാറിയത്. കുവൈത്ത്​ വാർത്താവിനിമയ മന്ത്രി ശൈഖ് മുഹമ്മദ് അൽ അബ്​ദുല്ല അസ്സബാഹും വിദേശകാര്യമന്ത്രിയോടൊപ്പം യു.എ.ഇയിലെത്തിയിട്ടുണ്ട്​. തുടർന്ന് നടന്ന ചർച്ചയിൽ വിദേശകാര്യമന്ത്രിയുടെ ഓഫിസ്​കാര്യ അണ്ടർ സെക്രട്ടറി ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ്, യു.എ.ഇയിലെ കുവൈത്ത്​ അംബാസഡർ സലാഹ് മുഹമ്മദ് അൽ ബഈജാൻ എന്നിവരും സംബന്ധിച്ചു. തിങ്കളാഴ്ച കുവൈത്ത്​ വിദേശകാര്യമന്ത്രി സൗദി, ഈജിപ്ത്​ എന്നിവിടങ്ങളിലെത്തി ഭരണാധികാരികൾക്ക്​ കുവൈത്ത്​ അമീറിന്റെ കത്ത്​ കൈമാറിയിരുന്നു. ഉപരോധം പിൻവലിക്കാൻ നാലു രാഷ്ട്ര സഖ്യം മുന്നോട്ടുവെച്ച 13 ഇന നിർദേശങ്ങൾ ഖത്തർ തള്ളിയതിനെ തുടർന്ന്​ ജി.സി.സി പ്രതിസന്ധി പരിഹാരമാവാതെ നിൽക്കുന്ന സാഹചര്യത്തിൽ കുവൈത്ത്​ അമീറിന്റെ പുതിയ നിർദേശം എന്തെന്നും അവ എന്ത്​ ഫലം സൃഷ്ടിക്കുമെന്നും ലോകം ഉറ്റുനോക്കുകയാണ്.

Related Tags :
Similar Posts