കുവൈത്തിൽ സന്ദർശന വിസയിൽ എത്തുന്നവരുടെ ഡിഎൻഎ സാമ്പിൾ ശേഖരിക്കും
|ഡി.എന്‍.എ ഡാറ്റാബാങ്ക് രൂപീകരിക്കുന്നതിന്‍റെ ഭാഗമായി രാജ്യത്ത് സന്ദർശനത്തിനെത്തുന്ന വിദേശികളുടെ ജനിതക സാമ്പിൾ വിമാനത്താവളത്തിൽ വെച്ച് ശേഖരിക്കാനാണു ആഭ്യന്തരമന്ത്രാലയത്തിന്‍റെ നീക്കം
കുവൈത്തിൽ സന്ദർശന വിസയിൽ എത്തുന്നവരുടെ ഡിഎൻഎ സാമ്പിൾ ശേഖരിക്കും. ഡി.എന്‍.എ ഡാറ്റാബാങ്ക് രൂപീകരിക്കുന്നതിന്‍റെ ഭാഗമായി രാജ്യത്ത് സന്ദർശനത്തിനെത്തുന്ന വിദേശികളുടെ ജനിതക സാമ്പിൾ വിമാനത്താവളത്തിൽ വെച്ച് ശേഖരിക്കാനാണു ആഭ്യന്തരമന്ത്രാലയത്തിന്‍റെ നീക്കം. ഈ വർഷം തന്നെ ഡിഎൻഎ പരിശോധന നിലവിൽ വരുമെന്നാണ് സൂചന
രാജ്യത്ത് സന്ദർശന വിസയിലെത്തുന്നവരുടെ ജനിതക വിവരങ്ങൾ ശേഖരിക്കാൻ വിമാനത്താവളത്തില്‍ തന്നെ സൗകര്യമൊരുക്കാനാണ് അധികൃതരുടെ തീരുമാനം. രക്തമോ ഉമിനീരോ ശേഖരിക്കാനുള്ള സംവിധാനമായിരിക്കും വിമാനത്താവളങ്ങളിൽ സജ്ജീകരിക്കുക. പിന്നീട് കര അതിർത്തികളിലും ഡിഎൻഎ സാമ്പിൾ ശേഖരിക്കാൻ സൗകര്യമൊരുക്കും. രാജ്യസുരക്ഷ ബന്ധപ്പെട്ട മുൻകരുതൽ എന്ന നിലക്കാണ് ഡിഎൻഎ ഡാറ്റ ബാങ്ക് എന്ന ആശയം ആഭ്യന്തര മന്ത്രാലയം മുന്നോട്ടു വെച്ചത്.
കഴിഞ്ഞ ജൂലൈയിൽ നാഷണൽ അസംബ്ലി നിർദേശത്തിനു അംഗീകാരം നല്‍കുകയും ആഗസ്റ്റില്‍ നിയമം പ്രാബല്യത്തില്‍ വരികയും ചെയ്തിരുന്നു. പരിശോധനക്ക് വിധേയമാകാത്തവര്‍ക്ക് ഒരു വര്‍ഷം തടവോ 10,000 ദീനാര്‍ പിഴയോ ശിക്ഷയായി ലഭിക്കുന്നതാണ് ഡിഎൻഎ നിയമം. ജനറല്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ക്രിമിനല്‍ എവിഡന്‍സ് ആണ് ജനിതക വിവര ശേഖരണം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് നേതൃത്വം നല്‍കുന്നത് സ്വദേശികളിൽ നിന്ന് പാസ്സ്പോർട്ടിന് അപേക്ഷിക്കുപോഴും താമസാനുമതി ഉള്ള വിദേശികളിൽ നിന്ന് ഇക്കാമ പുതുക്കുന്ന വേളയിലും ഡിഎൻഎ സാമ്പിൾ ശേഖരിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു.
ഈ വര്‍ഷം ജനുവരി മുതലുള്ള പാസ്പോർട്ട് അപേക്ഷകരിൽ നിന്ന് ഡി.എന്‍.എ വിവരങ്ങൾ ശേഖരിച്ചു തുടങ്ങിയിട്ടുമുണ്ട്. വര്‍ഷാവസാനത്തോടെ ഡി.എന്‍.എ പരിശോധന നിയമം പൂർണമായും നടപ്പാക്കി തുടങ്ങുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. വ്യക്തികളുടെ ജനിതക വിവരങ്ങള്‍ പബ്ളിക് പ്രോസിക്യൂഷന്‍റെ പ്രത്യേക അനുമതിയോടെയല്ലാതെ കൈമാറ്റം ചെയ്യാനോ പരിശോധിക്കാനോ പാടില്ലെന്നും നിയമം നിഷ്കര്‍ഷിക്കുന്നുണ്ട്.