സൗദിയില്‍ വീട്ടുവാടക ഓണ്‍ലൈന്‍ വഴി അടക്കാം
|സൗദിയില്‍ വീട്ടുവാടക ഓണ്‍ലൈന്‍ വഴി അടക്കാനുള്ള സംവിധാനം ആറു മാസത്തിനകം പ്രാബല്യത്തില്‍ വരുമെന്ന് ഭവന മന്ത്രാലയം വ്യക്തമാക്കി.
സൗദിയില്‍ വീട്ടുവാടക ഓണ്‍ലൈന്‍ വഴി അടക്കാനുള്ള സംവിധാനം ആറു മാസത്തിനകം പ്രാബല്യത്തില്‍ വരുമെന്ന് ഭവന മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയം തയ്യാറാക്കിയ പുതിയ സംവിധാനത്തിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാല്‍ ഉടന്‍ നിയമം നടപ്പാക്കിത്തുടങ്ങുമെന്ന് ഭവന മന്ത്രാലയത്തിലെ ഉപദേഷ്ടാവ് എന്‍ജിനീയര്‍ മുഹമ്മദ് അല്ബത്തി പറഞ്ഞു.
കെട്ടിട ഉടമക്കും വാടകക്കാരനും പ്രത്യേക സേവനം ലഭിക്കുന്ന, ഓരോരുത്തര്‍ക്കും അവരുടെ റെക്കോര്‍ഡ് സൂക്ഷിക്കാവുന്ന നൂതന സംവിധാനമാണ് മന്ത്രാലയം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. മാസത്തിലോ, മൂന്ന് മാസം കൂടുമ്പോഴോ അര്‍ദ്ധവര്‍ഷത്തിലോ, വര്‍ഷത്തിലൊരിക്കലോ വാടക അടക്കാനുള്ള സൗകര്യങ്ങള്‍ പുതിയ സംവിധാനത്തില്‍ ഒരുക്കും. എന്നാല്‍ ഹോട്ടലുകള്‍, അപാര്ട്ടുമെന്റുകള് എന്നിവയുടെ ദിവസ വാടക അടക്കാനുള്ള സംവിധാനം മന്ത്രാലയത്തിന് കീഴില്‍ ഒരുക്കുന്നില്ലെന്നും എന്‍ജിനീയര്‍ മുഹമ്മദ് അല്ബത്തി പറഞ്ഞു. സുരക്ഷിത താമസം, സുതാര്യ ഇടപാട് എന്നതാണ് ഇതിലൂടെ ഭവന മന്ത്രാലയം ലക്ഷ്യമാക്കുന്നത്.
താമസ കെട്ടിടങ്ങളുടെ വാടക വര്‍ധനവിന് മാനദണ്ഡം നിശ്ചയിക്കണമെന്ന് വിഷയത്തെക്കുറിച്ച് പ്രതികരിച്ച ചേമ്പര്‍ പ്രതിനിധി എന്‍ജിനീയര്‍ ഖാലിദ് ബാശുവൈഇര്‍ പറഞ്ഞു. ചുരുങ്ങിയത് രണ്ട് വര്‍ഷത്തിനകം വാടക വര്‍ധിപ്പിക്കാത്ത കരാറുകളായിരിക്കണം നിലവില്‍ വരേണ്ടത്. വാടകക്കാരന്റെ സ്ഥിരതയും കെട്ടിട ഉടമയുടെ വരുമാനം പോലെ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ 50 ശതമാനം സ്വദേശികളും 11 ദശലക്ഷം വിദേശികളും വാടക കെട്ടിടത്തിലാണ് താമസിക്കുന്നതെന്നതിനാല്‍ കെട്ടിട വാടകയുമായി ബന്ധപ്പെട്ട നിയമം ഭൂരിപക്ഷം താമസക്കാരെയും ബാധിക്കുന്നതാണെന്നും ബാശുവൈഇര്‍ പറഞ്ഞു.