ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്നപരിഹാരത്തിനായി വിദേശകാര്യ സഹമന്ത്രി ജിദ്ദയിലേക്ക്
|മാസങ്ങളായി ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തിലായ ജിദ്ദയിലെ വിവിധ കമ്പനികളിലെ ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്നങ്ങള്‍
മാസങ്ങളായി ജോലിയും ശമ്പളവുമില്ലാതെ ദുരിതത്തിലായ ജിദ്ദയിലെ വിവിധ കമ്പനികളിലെ ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ സന്നദ്ധ സംഘടനകളുടെയും ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരുടെയും സംയുക്ത യോഗത്തില്‍ തീരുമാനം. പ്രശ്നപരിഹാരത്തിനായി വിദേശകാര്യ സഹമന്ത്രി ജനറല്‍ വി. കെ സിംഗ് ഉടന്‍ ജിദ്ദയിലെത്തുമെന്ന് കോണ്‍സുലേറ്റ് അധികൃതര്‍.
ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖിന്റെ അധ്യക്ഷതയില്‍ കോണ്‍സുലേറ്റ് ഓഡിറ്റോറിയത്തില്‍ വെച്ചാണ് ജിദ്ദയിലെ ഇന്ത്യന്‍ സന്നദ്ധ സംഘടനാ നേതാക്കളുടെ യോഗം ചേര്‍ന്നത്. ജിദ്ദയിലെ വിവിധ കമ്പനികളില്‍ ജോലിയോ ശമ്പളമോ ഇല്ലാതെ ദുരിതത്തിലായ തൊഴിലാളികളുടെ ക്യാമ്പ് സന്ദര്‍ശിച്ച സംഘടനാ നേതാക്കള്‍ അവിടെ കണ്ട ദുരിതങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു.
ഭക്ഷണം ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ സന്നദ്ധ സംഘടകളുടെ നേതൃത്വത്തില്‍ തൊഴിലാളികളുടെ ക്യാമ്പില്‍ നേരത്തെ വിതരണം ചെയ്തിരുന്നു. ഭക്ഷണം ലഭിക്കാതെ ഒരാളും പ്രയാസപ്പെടുന്ന അവസ്ഥ ഉണ്ടാകില്ലെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ അറിയിച്ചെങ്കിലും തൊഴിലാളികളുടെ പ്രശ്‍നങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കുകയാണ് ആവശ്യമെന്നും അവര്‍ വ്യക്തമാക്കി. പ്രശ്നപരിഹാരത്തിനു നയതന്ത്ര നീക്കം ഉള്‍പ്പെടെയുള്ള എല്ലാ ശ്രമങ്ങളും ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും നടക്കുന്നുണ്ടെന്ന് കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് അറിയിച്ചു. നിയമപരമായ പ്രശ്നങ്ങള്‍ കോണ്‍സുലേറ്റ് അധികൃതര്‍ ഇടപെട്ട് പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും കമ്പനി അധികൃതരുമായി പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനായി വിദേശകാര്യ സഹമന്ത്രി ജനറല്‍ വി. കെ. സിംഗ് ജിദ്ദയിലെത്തുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്തിമമായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ ശമ്പളം ലഭിക്കാതെ ആയിരത്തിലധികം ഇന്ത്യന്‍ തൊഴിലാളികളാണ് നിര്‍മാണ മേഖലയില്‍ പ്രശസ്തമായ സൗദി ഓജര്‍ കമ്പനിയുടെ വിവിധ ക്യാമ്പുകളിൽ മാത്രമായി ഉള്ളത്. ഭക്ഷണവും ശമ്പളവും ലഭിക്കുന്നില്ലെന്നു അറിയിച്ചു കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി സുഷമ സ്വാരാജിന് ഈ തൊഴിലാളികളില്‍ ഒരാള്‍ പരാതി അയച്ചതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടത്. സഹികെട്ട തൊഴിലാളികള്‍ കഴിഞ്ഞ ദിവസം റോഡ് ഉപരോധം പോലുള്ള പ്രതിഷേധ സമരങ്ങള്‍ക്കടക്കം തുനിഞ്ഞ സാഹചര്യത്തിൽ സൗദി ഓജര്‍ കമ്പനിയിലെ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉടന്‍ ഉണ്ടാകുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള ഇടപെടലുകള്‍ കൂടി വന്നതോടെ തങ്ങളുടെ പ്രശ്‍നങ്ങള്‍ക്ക് ഉടന്‍ പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് വിവിധ കമ്പനികളിലെ ആയിരക്കണക്കിന് തൊഴിലാളികള്‍.