അബൂദബിയില്‍ ഗതാഗത നിയമലംഘനങ്ങളില്‍ വന്‍ കുറവ്
|ജൂണ്‍, ജൂലൈ മാസങ്ങളിലെ നിയമലംഘനങ്ങളും ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ നിയമലംഘനങ്ങളും താരതമ്യം ചെയ്ത് അബൂദബി പൊലീസ് ബുധനാഴ്ച പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്
അബൂദബിയില്‍ വാഹന ഗതാഗത നിയമലംഘന കേസുകളിലെ പിഴയിളവ് ഒഴിവാക്കിയ ആഗസ്റ്റ് ഒന്ന് മുതല്‍ ഗതാഗത നിയമലംഘനങ്ങളില്‍ വന്‍ കുറവ്. ജൂണ്‍, ജൂലൈ മാസങ്ങളിലെ നിയമലംഘനങ്ങളും ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ നിയമലംഘനങ്ങളും താരതമ്യം ചെയ്ത് അബൂദബി പൊലീസ് ബുധനാഴ്ച പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
അമിതവേഗതക്കുള്ള പിഴയില്‍ 17 ശതമാനം, വാഹനങ്ങള്‍ക്കിടയില്‍ നിശ്ചിത അകലം പാലിക്കാത്തതിലുള്ള പിഴ 13 ശതമാനം, പെട്ടെന്നുള്ള ഗതിമാറ്റം നടത്തുന്നതിനുള്ള പിഴ 17 ശതമാനം എന്നിങ്ങനെയാണ് ജൂണ്‍, ജൂലൈ മാസങ്ങളെ അപേക്ഷിച്ച് ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ കുറവ് വന്നിട്ടുള്ളത്. വാഹനങ്ങള്‍ വലതുപാതയില്നിന്ന് മറികടക്കുന്നതും വലിയ വാഹനങ്ങള്‍ ആവശ്യമായ സുരക്ഷാസംവിധാനങ്ങളില്ലാതെ ഓടിക്കുന്നതും കുറഞ്ഞിട്ടുണ്ട്. അതേസമയം, വാഹനമോടിക്കുന്നതിനിടെ ഫോണ്‍ ഉപയോഗിച്ച കേസുകള്‍ ചെറിയ തോതില്‍ വര്‍ധിച്ചിട്ടുണ്ടെന്നും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
അപകടങ്ങള്‍ ഒഴിവാക്കുന്നതിനും റോഡ് ഉപയോഗിക്കുന്ന എല്ലാവരുടെയും സുരക്ഷിതത്വത്തിനും വാഹനം ഓടിക്കുന്നവര്‍ ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്ന് അബൂദബി പൊലീസ് ട്രാഫിക്-പട്രോള്‍ ഡയറക്ടറേറ്റിന്റെ പിഴ-കണ്ടുകെട്ടല്‍ വിഭാഗം തലവന്‍ കേണല്‍ മുഹമ്മദ് സാലിം ആല് ശേഹി നിര്‍ദേശിച്ചു.
2010ലാണ് ഗതാഗത പിഴകളില്‍ 50 ശതമാനം ഇളവ് അനുവദിച്ച് തുടങ്ങിയത്. റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതും അപകടം കുറക്കുന്നതുമായി ബന്ധപ്പെട്ട നിരവധി പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് 2016 ആഗസ്റ്റ് മുതല്‍ പിഴയിളവ് ഒഴിവാക്കിയത്. 2030 വിഷന്‍ പദ്ധതി പ്രകാരം റോഡപകടങ്ങളിലെ മരണം 100,000 പേരില്‍ അഞ്ച് ശതമാനം എന്ന നിലക്ക് കുറക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.