കഅ്ബ കഴുകല്‍ ചടങ്ങ് നടന്നു
|മേത്തരം പനിനീര്‍ കലര്‍ത്തിയ വിശുദ്ധ സംസം ജലം ഉപയോഗിച്ചാണ് കഅ്ബ കഴുകിയത്...
മക്കയില്‍ വിശുദ്ധ കഅ്ബ കഴുകല്‍ ചടങ്ങ് നടന്നു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനു വേണ്ടി അദ്ദേഹത്തിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണറുമായ അമീര്‍ ഖാലിദ് അല്‍ഫൈസലാണ് ചടങ്ങിന് നേതൃത്വം നല്‍കിയത്.
മസ്ജിദുല്‍ ഹറാമിലെ ഇമാമുമാരും പണ്ഡിതന്‍മാരും അടക്കം നിരവിധി പ്രമുഖര്‍ പങ്കെടുത്ത ചടങ്ങിലാണ് കഅ്ബ കഴുകല്‍ നടന്നത്. മേത്തരം പനിനീര്‍ കലര്‍ത്തിയ വിശുദ്ധ സംസം ജലം ഉപയോഗിച്ചാണ് കഅ്ബ കഴുകിയത്. 45 ഓളം ലിറ്റര്‍ സുഗന്ധ മിശ്രിതമാണ് കഅ്ബ കഴുകാന്‍ ഉപയോഗിക്കുന്നത്. പനിനീരില്‍ മുക്കിയ തുണികൊണ്ട് കഅ്ബയുടെ ഉള്‍ഭാഗത്തെ ചുമരും തൂണുകളും തുടക്കുകയും മന്ദിരത്തില്‍ സുഗന്ധം പൂശുകയു ചെയ്തു.
ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ്, മസ്ജിദുല്‍ ഹറാം കാര്യാലയ ഉപമേധാവി ഡോ. മുഹമ്മദ് ബിന്‍ നാസ്വിര്‍ അല്‍ഖുസൈം, മറ്റു മതപണ്ഡിതര്‍, ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്ര പ്രതിനിധികള്‍, ഇരുഹറം കാര്യാലയ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ചടങ്ങിന് ശേഷം കഅ്ബയുടെ ഉള്‍ഭാഗത്ത് നിന്നും പുറത്തിറങ്ങിയ അതിഥികള്‍ കഅ്ബാ പ്രദക്ഷിണവും പ്രാര്‍ത്ഥനയും നിര്‍വഹിച്ചാണ് മടങ്ങിയത്.
ഹിജ്‌റ കലണ്ടര്‍ പ്രകാരം മുഹര്‍റ മാസത്തിലാണ് കഅ്ബ കഴുകല്‍ ചടങ്ങ് നടക്കാറുള്ളത്. നേരത്തെ റമദാനിന് മുന്നോടിയായി ശഅബാന്‍ മാസത്തിലും കഅബ കഴുകല്‍ ചടങ്ങ് നടക്കാറുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം മുതല്‍ സൗദി ഭരണകൂടം ഈ ചടങ്ങ് വര്‍ഷത്തില്‍ ഒന്നായി ചുരുക്കുകയായിരുന്നു.