യെമന്‍ സമാധാന ചര്‍ച്ച പരാജയപ്പെട്ടാല്‍ സൈനിക ഇടപെടലിലൂടെ പരിഹരിക്കുമെന്ന് സഖ്യസേന വക്താവ്
|യെമന്‍ പ്രശ്നത്തിന് കുവൈത്ത് ചര്‍ച്ചയിലൂടെ പരിഹാരം കാണാനായില്ലെങ്കില്‍ വിഷയം സൈനിക ഇടപെടലിലൂടെ പരിഹരിക്കുമെന്ന് സഖ്യസേന വക്താവ്
യെമന്‍ പ്രശ്നത്തിന് കുവൈത്ത് ചര്‍ച്ചയിലൂടെ പരിഹാരം കാണാനായില്ലെങ്കില്‍ വിഷയം സൈനിക ഇടപെടലിലൂടെ പരിഹരിക്കുമെന്ന് സഖ്യസേന വക്താവ് ബ്രിഗേഡിയര്‍ അഹ്മദ് അല്‍അസീരി മുന്നറിയിപ്പ് നല്‍കി. അബ്ദുറബ്ബ് ഹാദി മന്‍സൂറിന്റെ സര്‍ക്കാറിനെ പ്രതിനീധീകരിക്കുന്ന ഔദ്യോഗിക പക്ഷവും ഹൂതികള്‍ ഉള്‍പ്പെടുന്ന വിമത വിഘടിത വിഭാഗവും തമ്മിലുള്ള ചര്‍ച്ച നാലു ദിവസത്തോളം അകാരണമായി നീണ്ടുപോയ സാഹചര്യത്തിലാണ് അല്‍അസീരിയുടെ പ്രസ്താവന.
അറബ് ടെലിവിഷന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് സഖ്യസേന വക്താവ് ബ്രിഗേഡിയര്‍ അഹ്മദ് അല്‍അസീരി യമനില്‍ സൈനിക ഇടപെടല്‍ പുനരാരംഭിച്ച് പ്രശ്നത്തിന് പരിഹാരം കാണുമെന്ന് മുന്നറിയിപ്പ് നല്‍കിയത്. ഐക്യരാഷ്ട്രസഭയുടെ യെമന്‍ പ്രതിനിധി ഇസ്മാഈല്‍ വലദുശൈഖ് അഹ്മദിന്റെ സാന്നിധ്യത്തില്‍ കുവൈത്തില്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ച മൂന്ന് ദിവസം വൈകി വ്യാഴാഴ്ച ആരംഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും വീണ്ടും വെള്ളിയാഴ്ചയിലേക്ക് മാറ്റി നിശ്ചയിച്ചതാണ് അവസാന വിവരം. ഹൂതി പക്ഷക്കാരുടെ ആഭ്യന്തര പ്രശ്നവും ചര്‍ച്ച വിഷയങ്ങളുടെ മുന്‍ഗണനാക്രമം നിശ്ചയിക്കാനാവാത്തതുമാണ് സംഭാഷണ സമയം അനിശ്ചിതമായി നീളാന്‍ കാരണം.
യെമന്‍ പ്രശ്നത്തിന് അന്തിമ പരിഹാരം കാണുകയും സമാധാനപരമായ സര്‍ക്കാര്‍ പുന:സ്ഥാപിക്കുകയും വേണമെന്നതാണ് സഖ്യസേനയുടെ ആവശ്യം. യുഎന്‍ കരാറിന്റെ വെളിച്ചത്തിലുള്ള പ്രശ്നപരിഹാരത്തിനാണ് കുവൈത്ത് ചര്‍ച്ച ഉദ്ദേശിക്കുന്നത്. ലക്ഷ്യം നേടാന്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് സാധിച്ചില്ലെങ്കില്‍ സൈനിക നടപടിയിലൂടെ ലക്ഷ്യത്തിലേക്ക് നീങ്ങുമെന്നതാണ് സൗദി നേതൃത്വം നല്‍കുന്ന സഖ്യസേനയുടെ നിലപാട്. ചരിത്രപരമായ തീരുമാനവും പ്രശ്നപരിഹാരവുമാണ് യമന്‍ ജനത കുവൈത്ത് ചര്‍ച്ചയില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും അല്‍അസീരി കൂട്ടിച്ചേര്‍ത്തു.
ചര്‍ച്ചക്ക് വരുന്ന വിഘടിത വിഭാഗത്തിന്റെ മുന്‍കൂട്ടിയുള്ള ഏതെങ്കിലും നിബന്ധനകള്‍ തങ്ങള്‍ക്ക് സ്വീകാര്യമല്ലെന്ന് അബ്ദുറബ്ബ് ഹാദി മന്‍സൂര്‍ യു.എന്‍ പ്രതിനിധിക്ക് അയച്ച സന്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര സമ്മര്‍ദ്ദത്തിന് വഴങ്ങി ചര്‍ച്ചക്ക് എത്തുന്ന വിഘടിത വിഭാഗം യഥാര്‍ഥത്തില്‍ സമാധാനം കാംക്ഷിക്കുന്നില്ലെന്ന് സര്‍ക്കാര്‍ പക്ഷത്തെ പ്രതിനിധീകരിക്കുന്ന വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്‍ മലിക് അല്‍മിഖ്ലാഫി പറഞ്ഞു. അതേസമയം ചര്‍ച്ച നടക്കുമ്പോഴും സഖ്യസേനയുടെ നേതൃത്വത്തില്‍ യെമനിലെ രക്ഷാപ്രവര്‍ത്തനം തുടര്‍ന്നുവരികയാണെന്നും സഖ്യസേന വക്താവ് അഭിമുഖത്തില്‍ വ്യക്തമാക്കി.