Gulf
കുവൈത്ത് പൊതുമാപ്പ് രണ്ട് മാസത്തേക്ക് കൂടി നീട്ടികുവൈത്ത് പൊതുമാപ്പ് രണ്ട് മാസത്തേക്ക് കൂടി നീട്ടി
Gulf

കുവൈത്ത് പൊതുമാപ്പ് രണ്ട് മാസത്തേക്ക് കൂടി നീട്ടി

Subin
|
12 May 2018 2:34 PM GMT

27000 ഇന്ത്യക്കാര്‍ അനധികൃത താമസക്കാരായി രാജ്യത്തുകഴിയുന്നുണ്ടെന്നാണ് കണക്ക്. എന്നാല്‍ 10,000 ത്തിനടുത്തു ഇന്ത്യക്കാര്‍ മാത്രമാണ് പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ ഇതുവരെ അപേക്ഷ നല്‍കിയത്. 

കുവൈത്തില്‍ താമസ നിയമലംഘകര്‍ക്ക് അനുവദിച്ച പൊതുമാപ്പ് കാലാവധി രണ്ടു മാസത്തേക്ക് കൂടി നീട്ടി. ആഭ്യന്തരമന്ത്രി ഷെയ്ഖ് ഖാലിദ് അല്‍ ജറാഹ് ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. പുതിയ ഉത്തരവനുസരിച്ചു ഏപ്രില്‍ 22 വരെ ഇളവ് തുടരും.

ഏഴുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞ മാസം 29 മുതലാണ് കുവൈത്ത് താമസനിയമലംഘകര്‍ക്കു പൊതുമാപ്പ് അനുവദിച്ചത്. അനധികൃതതാമസക്കാര്‍ക്കു പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടുന്നതിനും പിഴയടച്ചു രേഖകള്‍ ശരിയാക്കുന്നതിനും 25 ദിവസമാണ് അനുവദിച്ചിരുന്നത്. ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കനുസരിച്ചു 1,54,000 ആണ് അനധികൃത താമസക്കാരുടെ എണ്ണം. ഇതില്‍ ഏതാണ്ട് 30000 മാത്രമാണ് ഇതുവരെ ഇളവ് പ്രയോജനപ്പെടുത്തിയത്.

പൊതുമാപ്പ് കാലാവധി നീട്ടില്ലെന്ന് ആവര്‍ത്തിച്ചിരുന്ന കുവൈത്ത് രണ്ടു മാസത്തെ കൂടി നീട്ടിനല്‍കിയതു അനധികൃത ഗണത്തില്‍ പെടുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ അനുഗ്രഹമായിരിക്കും. 27000 ഇന്ത്യക്കാര്‍ അനധികൃത താമസക്കാരായി രാജ്യത്തുകഴിയുന്നുണ്ടെന്നാണ് കണക്ക്. എന്നാല്‍ 10,000 ത്തിനടുത്തു ഇന്ത്യക്കാര്‍ മാത്രമാണ് പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ ഇതുവരെ അപേക്ഷ നല്‍കിയത്.

ഇനിയും 17000 ത്തോളം ഇന്ത്യക്കാര്‍ താമസരേഖകള്‍ ഇല്ലാത്താതെ തുടരുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. നടപടിക്രമങ്ങളിലെ കാലതാമസവും മറ്റും ചൂണ്ടിക്കാട്ടി ഒരു മാസത്തേക്ക് കൂടി ഇളവ് അനുവദിക്കണമെന്ന് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ എംബസികള്‍ കുവൈത്ത് ആഭ്യന്തരമന്ത്രാലയത്തോടു അഭ്യര്‍ത്ഥിച്ചിരുന്നു. ആഭ്യന്തരമന്ത്രാലയം അനുകൂല നിലപാടെടുത്തതോടെ മന്ത്രിസഭ ഇളവുകാലം നീട്ടാന്‍ അനുമതി നല്‍കുകയായിരുന്നു.

Similar Posts