Gulf
ഗള്‍ഫ് പ്രതിസന്ധി ഒന്‍‌പത് മാസം പിന്നിടുന്നുഗള്‍ഫ് പ്രതിസന്ധി ഒന്‍‌പത് മാസം പിന്നിടുന്നു
Gulf

ഗള്‍ഫ് പ്രതിസന്ധി ഒന്‍‌പത് മാസം പിന്നിടുന്നു

Khasida
|
12 May 2018 8:19 PM GMT

തീവ്രവാദ ഘടകങ്ങളുമായി ഖത്തര്‍ സന്ധി ചെയ്യുന്നു എന്ന് ആരോപിച്ചാണ് സൗദി, യുഎഇ, ബഹ്റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറുമായി അകന്നത്.

ഗള്‍ഫ് പ്രതിസന്ധി ഒമ്പത് മാസം പിന്നിടുന്നു. കഴിഞ്ഞവര്‍ഷം ജൂണ്‍ അഞ്ചിനാണ് ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും സൗദി ഉള്‍പ്പെടെ നാല് രാജ്യങ്ങള്‍ വിച്ഛേദിച്ചത്. യു എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെയും കുവൈത്ത് അമീറിന്റെയും നേതൃത്വത്തില്‍ പുതിയ സമവായ നീക്കങ്ങള്‍ ആരംഭിച്ചത് മാത്രമാണ് പ്രശ്നപരിഹാരത്തിന് പ്രതീക്ഷ നല്‍കുന്ന ഏക ഘടകം.

തീവ്രവാദ ഘടകങ്ങളുമായി ഖത്തര്‍ സന്ധി ചെയ്യുന്നു എന്ന് ആരോപിച്ചാണ് സൗദി, യുഎഇ, ബഹ്റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറുമായി അകന്നത്. കുവൈത്ത് അമീറിന്റെയും മറ്റും മേല്‍നോട്ടത്തില്‍ മാസങ്ങള്‍ നീണ്ട അനുരഞ്ജന നീക്കങ്ങള്‍ ഫലം കണ്ടില്ല. യു എന്‍ ഉള്‍പ്പെടെ അന്താരാഷ്ട്രവേദികളിലും ഇരുപക്ഷവും തങ്ങളുടെ നിലപാട് കടുപ്പിച്ചു. 13 ഇന ഉപാധികള്‍ അംഗീകരിക്കാതെ ഖത്തറുമായി സന്ധിയില്ലെന്ന് ചതുര്‍രാജ്യങ്ങളും, പരമാധികാരം അടിയറ വെക്കാന്‍ ഒരുക്കമല്ലെന്ന് ഖത്തറും പ്രഖ്യാപിച്ചതോടെ പ്രതിസന്ധി നീണ്ടു.

ജിസിസി എന്ന ഗള്‍ഫ് കൂട്ടായ്മയുടെ ഭദ്രതക്കും ഭിന്നത ഭീഷണിയായി. ഡിസംബറില്‍ കുവൈത്തില്‍ ചേര്‍ന്ന ജിസിസി ഉച്ചകോടിയും പരാജയപ്പെട്ടു. ഗള്‍ഫ് നേതാക്കളുടെ പ്രത്യേക സമ്മേളനം മെയ് മാസം കാമ്പ്ഡേവിഡില്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിളിച്ചിട്ടുണ്ട്. അതിന് മുമ്പേ അകല്‍ച്ച അവസാനിപ്പിക്കണമെന്ന് ജിസിസി നേതാക്കളോട് ട്രംപ് നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുണ്ട്. പ്രശ്നപരിഹാരത്തിന് താല്‍പര്യമെടുക്കണമന്ന് അഭ്യര്‍ഥിച്ച് കുവൈത്ത് അമീര്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന് കത്ത് കൈമാറിയത് സമവായ നീക്കത്തിന് ആക്കം കൂട്ടിയേക്കും.

ഖത്തര്‍ അമീറിന് കുവൈത്ത് അമീറിന്റെ പ്രത്യേക സന്ദേശം

കുവൈത്ത് അമീര്‍ ശൈഖ് സ്വബാഹ് അല്‍അഹ്മദ് അസ്സ്വബാഹിന്റെ പ്രത്യേക സന്ദേശം ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിക്ക് കൈമാറി. ഇരു രാജ്യങ്ങള്‍ക്കടിയിലും നിലനില്‍ക്കുന്ന ബന്ധം കൂടുതല്‍ ഊഷ്മളമാകുന്നതുമായി ബന്ധപ്പെട്ട സന്ദേശമാണ് കുവൈത്ത് അമീറിന്റേതായി കൈമാറിയതെന്ന് ഖത്തര്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കുവൈത്ത് അമീറിന്റെ സന്ദേശം പ്രത്യേക പ്രതിനിധിയും പാര്‍ലമെന്റ് കാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് അല്‍അബ്ദുല്ല അല്‍മുബാറക് അസ്സ്വബാഹാണ് കൈമാറിയത്. കുവൈത്ത് ദേശീയ ദിനത്തോടനുബന്ധിച്ച് ഖത്തര്‍ നല്‍കിയ പ്രത്യേക സന്ദേശത്തില്‍ കുവൈത്ത് മന്ത്രി നന്ദി അറിയിച്ചു.

Related Tags :
Similar Posts