ഖത്തര്‍ ഏവിയേഷന്‍ സര്‍വീസസ് രാജ്യന്തര തലത്തിലേക്ക്
|2018ല്‍ 11 പുതിയ വിമാനങ്ങള്‍ കൂടി ഖത്തര്‍ എയര്‍വെയ്‌സ് വാങ്ങുമെന്നും 16 പട്ടണങ്ങളിലേക്ക് കൂടി സര്‍വീസ് വ്യാപിപ്പിക്കുമെന്നും ചീഫ് എക്‌സ്‌ക്യൂട്ടീവ് അക്ബര്‍ അല്‍ബാകിര്‍ അറിയിച്ചു
ഖത്തര്‍ എയര്‍വെയ്‌സിനു കീഴിലുള്ള ഖത്തര്‍ ഏവിയേഷന്‍ സര്‍വീസസ് രാജ്യന്തര തലത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനൊരുങ്ങുന്നു. 2018ല്‍ 11 പുതിയ വിമാനങ്ങള്‍ കൂടി ഖത്തര്‍ എയര്‍വെയ്‌സ് വാങ്ങുമെന്നും 16 പട്ടണങ്ങളിലേക്ക് കൂടി സര്‍വീസ് വ്യാപിപ്പിക്കുമെന്നും ചീഫ് എക്‌സ്‌ക്യൂട്ടീവ് അക്ബര്‍ അല്‍ബാകിര്‍ അറിയിച്ചു. ദോഹയില്‍ നടക്കുന്ന 31 ാമത് അയാട്ട ഗ്രൗണ്ട് ഹാന്റ്‌ലിംഗ് കോണ്‍ഫ്രന്‍സിന് മുന്നോടിയായി വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 700 ലധികം പ്രതിനിധികള്‍ പങ്കെടുക്കുന്ന 31ാമത് അയാട്ട ഗ്രൗണ്ട് ഹാന്റ്‌ലിംഗ് സമ്മേളനത്തിന് ദോഹയില്‍ ആദിത്യമരുളുന്നത് ഖത്തര്‍ എയര്‍വെയ്‌സാണ് . 3 ദിവസത്തെ സമ്മേളനം അയാട്ടയുടെ മിഡിലീസ്റ്റിലെ ആദ്യ ഒത്തുചേരലായി മാറി. ഖത്തര്‍ എയര്‍വെയ്‌സിന് കീഴിലെ ഗ്രൗണ്ട്ഹാന്റ്‌ലിങ് സബ്‌സിഡിയറി ,ക്യു എ എസ് എന്നറിയപ്പെടുന്ന ഖത്തര്‍ ഏവിയേഷന്‍ സര്‍വീസസ് പ്രവര്‍ത്തനം രാജ്യാന്തര തലത്തിലേക്ക് വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണെന്നും സി ഇ ഒ അക്ബര്‍ അല്‍ബാക്കിര്‍ അറിയിച്ചു. പ്രതിസന്ധിക്കിടയിലും ഖത്തര്‍ എയര്‍ വെയ്‌സ് കഴിഞ്ഞ ഒരു വര്‍ഷം നിരവധി നേട്ടങ്ങള്‍ കൈവരിച്ചതായി അദ്ദേഹം അറിയിച്ചു. ഇതിനകം പുതിയ ബോയിംഗ് വിമാനങ്ങളും എയര്‍ബസ് എ 350 1000 അടക്കമുള്ള കൂറ്റന്‍വിമാനങ്ങളും സ്വന്തമാക്കിയ ഖത്തര്‍ എയര്‍വെയ്‌സ് 2018 ല്‍ 11 വിമാനങ്ങള്‍കൂടി സ്വന്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ വര്‍ഷം 11 പുതിയ ഡെസ്റ്റിനേഷനുകളിലേക്ക് സര്‍വ്വീസ് ആരംഭിച്ച ഖത്തര്‍ എയര്‍വെയ്‌സ് ഈ വര്‍ഷം 16 പട്ടണങ്ങളിലേക്ക് കൂടി സര്‍വീസ് വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
54 രാജ്യങ്ങളില്‍ നിന്നായി 7487 ജീവനക്കാരാണ് ഖത്തര്‍ എയര്‍വെയ്‌സിന് നിലവിലുള്ളത് . 2017 ല്‍ 222000 ട്രിപ്പുകള്‍ കമ്പനി നടത്തിയതായും അദ്ധേഹം പറഞ്ഞു. 25 ശതമാനമാണ് കമ്പനി കൈവരിച്ച കാര്‍ഗോ വളര്‍ച്ച. 2 ദശലക്ഷം ടണ്‍ ചരക്കുകള്‍ 2017 ല്‍മാത്രം കൈകാര്യം ചെയ്തു. 2018 കമ്പനിയുടെ വ്യാപനത്തിന്റെ വര്‍ഷമാണെന്ന് പറഞ്ഞ സി ഇ ഒ . 2022 ഫിഫ ലോകകപ്പിനുമുന്നോടിയായി ഹമദ് രാജ്യാന്തര വിമാനത്താവളവും വികസിപ്പിക്കുമെന്ന് വ്യക്തമാക്കി .ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളം മേധാവി എഞ്ചനിയര്‍ ബദര്‍ മുഹമ്മദ് അല്‍മീര്‍ , അയാട്ട വൈസ് പ്രസിഡന്റ് നിക്ക് കാരീര്‍ മുഹമ്മദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.