മാതൃഭാഷയുടെ സംരക്ഷണം സമൂഹത്തില്‍ നിന്നും കലാപങ്ങളെ അകറ്റും: എന്‍ എസ് മാധവന്
|കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, സംഘടിപ്പിച്ച സമന്വയം സാംസ്കാരിക മേളയിൽ സംസാരിക്കുകയായിരുന്നു എൻഎസ് മാധവൻ.
മാതൃഭാഷയുടെ സംരക്ഷണം സമൂഹത്തില്‍ നിന്നും കലാപങ്ങളെ അകറ്റുമെന്നു പ്രശസ്ത സാഹിത്യകാരൻ എൻ എസ് മാധവൻ അഭിപ്രായപ്പെട്ടു. കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, സംഘടിപ്പിച്ച സമന്വയം സാംസ്കാരിക മേളയിൽ സംസാരിക്കുകയായിരുന്നു എൻഎസ് മാധവൻ. കല കുവൈറ്റിന്റെ ഈ വർഷത്തെ മാതൃഭാഷാ പഠന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു.
സബഹിയ അൽ ഫൈസലിയ ഹാളിലായിരുന്നു സാംസ്കാരിക സമ്മേളനം. പ്രസിഡന്റ് ആർ.നാഗനാഥൻ അധ്യക്ഷനായിരുന്നു . മാതൃഭാഷാ സമിതിയുടെ രജത ജൂബിലി വർഷത്തെ റിപ്പോർട്ട് സാം പൈനുംമൂട് അവതരിപ്പിച്ചു. മികച്ച സാമൂഹ്യ സേവനത്തിനായി കല കുവൈറ്റ് ഏർപ്പെടുത്തിയിട്ടുള്ള രമേശ് സ്മാരക പ്രവാസി പുരസ്കാരം യു.എ.ഇയിലെ സാമൂഹ്യ പ്രവർത്തകനായ കൊച്ചു കൃഷ്ണൻ ഏറ്റുവാങ്ങി. പ്രവാസി എഴുത്തുകാരായ പ്രേമൻ ഇല്ലത്തിന്റേയും ധർമ്മരാജ് മാപ്പിള്ളിയുടേയും പുസ്തകങ്ങളും ചടങ്ങിൽ പ്രകാശനം ചെയ്തു. കല കുടുംബാംഗങ്ങളും ബാലകലാമേള വിജയികളും അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി. പ്രശസ്ത പിന്നണി ഗായകരായ ലതികയും ദിനേശും നയിച്ച 'സംഗീതസന്ധ്യ' സാംസ്കാരിക മേളക്ക് കൊഴുപ്പേകി. കുവൈത്തിലെ സാഹിത്യകാരന്മാരുടെ കൃതികൾ ഉൾപ്പെടുത്തിയുള്ള പുസ്തക പ്രദർശനവും മേളയോടൊപ്പം സംഘടിപ്പിച്ചിരുന്നു.