Gulf
അബൂദബിയില്‍ സഞ്ചരിക്കുന്ന ഭക്ഷണശാലകള്‍ക്ക് അനുമതിഅബൂദബിയില്‍ സഞ്ചരിക്കുന്ന ഭക്ഷണശാലകള്‍ക്ക് അനുമതി
Gulf

അബൂദബിയില്‍ സഞ്ചരിക്കുന്ന ഭക്ഷണശാലകള്‍ക്ക് അനുമതി

Jaisy
|
13 May 2018 8:59 PM GMT

നിലവില്‍ റെസ്റ്റോറന്റ് നടത്താന്‍ ലൈസന്‍സുള്ളവര്‍ക്ക് മാത്രമാണ് ഫുഡ് ട്രക്കുകള്‍ ആരംഭിക്കാന്‍ അനുമതി നല്‍കുക എന്ന് അധികൃതര്‍ അറിയിച്ചു

അബൂദബിയില്‍ സഞ്ചരിക്കുന്ന ഭക്ഷണശാലകള്‍ക്ക് അനുമതി നല്‍കാന്‍ സാമ്പത്തിക വികസനവകുപ്പ് തീരുമാനിച്ചു. നിലവില്‍ റെസ്റ്റോറന്റ് നടത്താന്‍ ലൈസന്‍സുള്ളവര്‍ക്ക് മാത്രമാണ് ഫുഡ് ട്രക്കുകള്‍ ആരംഭിക്കാന്‍ അനുമതി നല്‍കുക എന്ന് അധികൃതര്‍ അറിയിച്ചു.

നാട്ടിലെ തട്ടുകളെ അനുസ്മരിപ്പിക്കുന്ന ഭക്ഷണശാലകള്‍ താമസിയാതെ യു എ ഇ തലസ്ഥാന നഗരിയായ അബൂദബിയിലും കാണാം. നിലവില്‍ റെസ്റ്റോറന്റ്, കാറ്ററിങ് സര്‍വീസ് എന്നിവ നടത്താന്‍ ലൈസന്‍സുള്ള കമ്പനികള്‍ക്ക് ഫുഡ് ട്രക്കുകള്‍ നിരത്തിലിറക്കാന്‍ അപേക്ഷ നല്‍കാം. സ്ഥാപനങ്ങള്‍ യു എ ഇ പൗരന്റെ ഉടസ്ഥതയിലുള്ളതോ, സ്വദേശി പങ്കാളിയായതോ ആയിരിക്കണം. സഞ്ചരിക്കുന്ന ഭക്ഷണശാല ആരംഭിക്കാന്‍ താല്‍പര്യമുള്ള റെസ്റ്റോറന്റുകള്‍ ആദ്യം ഡി ഇ ഡിയില്‍ നിന്ന് സേവനം നല്‍കുന്ന മേഖല സംബന്ധിച്ച പ്രാഥമിക അനുമതി നേടണം. തുടര്‍ന്ന് അന്തിമ അനുമതിക്കായി നടപടികള്‍ തുടങ്ങാം. സാമ്പത്തിക വികസന വകുപ്പ് നിര്‍ദേശിക്കുന്ന മാതൃകയിലാണ് ഭക്ഷണം വിതരണത്തിന് ഉപയോഗിക്കുന്ന ട്രക്ക് രൂപകല്‍പന ചെയ്യേണ്ടത്. എന്നാല്‍, കൂടുതല്‍ പേര്‍ ഈ രംഗത്തേക്ക് കടന്നുവരാനുള്ള സാധ്യത കുറവാണെന്നാണ് റെസ്റ്റോറന്റ് രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ അഭിപ്രായം. യു എ ഇയിലെ കാലാവസ്ഥ തുറസായ ഇടങ്ങളിലെ തട്ടുകടകള്‍ക്ക് യോജിക്കില്ലെന്ന് മാത്രമല്ല, നിലവില്‍ റെസ്റ്റോറനറ് ലൈസന്‍സ് വേണമെന്ന നിബന്ധനയുള്ളതിനാല്‍ വന്‍ നിക്ഷേപത്തിന് കഴിയുന്നവര്‍ മാത്രമേ ഫുഡ് ട്രക്കുകള്‍ ആരംഭിക്കാന്‍ സാധ്യതയുള്ളു എന്നും ഇവര്‍ പറയുന്നു.

Similar Posts