ശമ്പളമില്ല, ഒമാനില്‍ മലയാളികള്‍ ദുരിതത്തില്‍
|മസ്കത്ത് ആസ്ഥാനമായി പി.ഡി.ഒ കരാര്‍ ജോലികള്‍ ഏറ്റെടുത്തു നടത്തുന്ന സ്ഥാപനത്തിലെ എട്ട് മലയാളി തൊഴിലാളികളാണ് ദുരിതത്തിൽ കഴിയുന്നത്
ഒമാനില്‍ ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് മലയാളികളായ തൊഴിലാളികള്‍ ദുരിതത്തില്‍. മസ്കത്ത് ആസ്ഥാനമായി പി.ഡി.ഒ കരാര്‍ ജോലികള്‍ ഏറ്റെടുത്തു നടത്തുന്ന സ്ഥാപനത്തിലെ എട്ട് മലയാളി തൊഴിലാളികളാണ് ദുരിതത്തിൽ കഴിയുന്നത്. താമസം പോലും നിഷേധിക്കപ്പെട്ട രണ്ടുപേർ സൊഹാറിൽ പെരുവഴിയിലാണ്.
മൂന്ന് വര്‍ഷം മുതല്‍ ഏഴ് മാസം വരെ കമ്പനിയില്‍ ജോലി ചെയ്തവര്‍ ഇക്കൂട്ടത്തിലുണ്ട്. ഫെബ്രുവരി മുതല്‍ ഇവര്‍ക്ക് ശമ്പളം കൃത്യമല്ല. ഇതുംസബന്ധിച്ച് എംബസിയിലും ലേബര്‍വകുപ്പിലും പരാതി നല്‍കിയിട്ടുണ്ട്. പത്തനംതിട്ടക്കാരായ പ്രകാശ് സുബോധന്‍, റോജി എബ്രഹാം, കൊല്ലം കുളത്തൂപ്പുഴയിലെ വില്‍സണ്‍ മാത്യു, തൊടുപുഴയിലെ ജോബ്സണ്‍, ലിജോ, എറണാകുളം സ്വദേശി വിജിത്ത് വിജയന് എന്നിവരാണ് അല്‍ഖൂദിലെ താമസ സ്ഥലത്ത് കഴിയുന്നത്. ഷിബു സെബാസ്റ്റ്യന്‍, രാജഗോപാല്‍ എന്നിവരാണ് സൊഹാറിലുള്ളത്. കമ്പനിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കേസ് നിലില്‍ക്കുന്നുണ്ട്. കമ്പനിയുടെ ഇപ്പോഴത്തെ നടത്തിപ്പ് ചുമതലയുള്ള മലയാളി ഉദ്യോഗസ്ഥര്‍ തങ്ങളുടെ താമസ സൗകര്യവും ഭക്ഷണവും പോലും ഇല്ലാതാക്കുകയാണെന്ന് ഇവര്‍ പറയുന്നു.
കമ്പനിയുടെ നിര്‍മാണ വിഭാഗം അതിനിടെ അടച്ചുപൂട്ടി. ശമ്പളമില്ലാത്തതിനാല്‍ ഒമാനില്‍ മാത്രമല്ല നാട്ടിലെ കുടുംബത്തിന്റെയും സ്ഥിതി മോശമാണ്. ബാങ്ക് വായ്പകള്‍ മുടങ്ങിയതിനെ വിട്ടീല്‍ നോട്ടീസ് എത്തി തുടങ്ങി. എഞ്ചിനീയറിങ്ങിന് പഠിക്കുന്ന വില്‍സന്റെ മകനെ ഫീസ് നല്‍കാത്തിന്റെ പേരില്‍ കോളേജില്‍ നിന്ന് ഇറക്കിവിട്ടു. കേസ് നടക്കുന്നതിനാല്‍ കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതാണ് ശമ്പളം മുടങ്ങാന്‍ കാരണമെന്ന് കമ്പനി വൃത്തങ്ങള്‍ പറഞ്ഞു.