പ്രവാസികളോട് സംസ്ഥാനം അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നതായി ഉമ്മന്‍ചാണ്ടി
|ഫുജൈറയിൽ ആറാമത് ഇൻകാസ് പുരസ്കാരങ്ങൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
ആധുനിക കേരളം പടുത്തുയർത്തുന്നതിൽ സുപ്രധാന പങ്കു വഹിച്ച പ്രവാസികളോട് സംസ്ഥാനം അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നതായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഫുജൈറയിൽ ആറാമത് ഇൻകാസ് പുരസ്കാരങ്ങൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികൂല സാഹചര്യങ്ങൾ മൂലം പ്രവാസികളിലെ സാധാരണക്കാർ ഏറെ പ്രയാസപ്പെടുന്ന സാഹചര്യമുണ്ട്. ഈ ഘട്ടത്തിൽ പുനരധിവാസം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ശക്തമായ നടപടികൾ ആവശ്യമാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു. പഠന രംഗത്ത് മുന്നേറ്റം ഉറപ്പാക്കാൻ പ്രവാസി വിദ്യാർഥികൾക്ക് വേണ്ടി ഇൻകാസ് ഉൾപ്പെടെയുള്ള സംഘടനകൾ കൂട്ടായ നീക്കം നടത്തണമെന്നും ഉമ്മൻചാണ്ടി നിർദേശിച്ചു. യുഎഇയുടെ വടക്കു കിഴക്കൻ മേഖലയിലെ അഞ്ചു സ്കൂളുകളിൽ നിന്നായി 61 വിദ്യാർത്ഥികൾക്ക് അവാർഡുകൾ കൈമാറി. വിവിധ തുറകളിൽ മികച്ച പ്രവർത്തനം നടത്തുന്ന 13 പേരെ ചടങ്ങിൽ ആദരിച്ചു. ഷെയ്ഖ് ഹമദ് അബ്ദുള്ള ഹമദ് അൽ ശർഖി , മുൻ യു എ ഇ മന്ത്രി ഡോക്ടർ മുഹമ്മദ് സയീദ് അൽ കിന്ദി തുടങ്ങിയവർ സംബന്ധിച്ചു. ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജോജു മാത്യു സ്വാഗതം പറഞ്ഞു.വിവിധ കലാപരിപാടികളും അരങ്ങേറി.