ചെമ്മീന്റെ സുവര്‍ണജൂബിലി ആഘോഷവുമായി മസ്കത്ത്
|നടന്‍ മധുവും നായിക ഷീലയും ഒരുമിച്ച് അരങ്ങിലെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട് ആഘോഷ പരിപാടികള്‍ക്ക്.
മലയാളികളുടെ എക്കാലത്തെയും ക്ലാസ്സിക് സിനിമകളിലൊന്നായ ചെമ്മീന്റെ സുവര്‍ണ ജൂബിലി ആഘോഷത്തിന് മസ്‌കത്തില്‍ വേദിയൊരുങ്ങുന്നു. ചെമ്മീനിലെ കഥാപാത്രങ്ങളായ പരീക്കുട്ടിയെയും കറുത്തമ്മയെയും അനശ്വരമാക്കിയ നടന്‍ മധുവും നായിക ഷീലയും ഒരുമിച്ച് അരങ്ങിലെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട് ആഘോഷ പരിപാടികള്‍ക്ക്.
ചെമ്മീന്‍ പുറത്തിറങ്ങിയ ശേഷം ഇതാദ്യമായാണ് സിനിമയുടെ ഏതെങ്കിലും ഒരു ആഘോഷത്തില്‍ ഗള്ഫില് മധുവും ഷീലയും ഒരുമിച്ച് വേദി പങ്കിടുന്നതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു . ഈ മാസം 13ന് അല്‍ ബുസ്താന്‍ പാലസ് ഹോട്ടല്‍ ഓഡിറ്റോറിയത്തിലാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. മസ്‌കത്തിലെ മാധ്യമ പ്രവര്‍ത്തകനായ ഒ.കെ മുഹമ്മദാലിയുടെയാണ് പരിപാടിയുടെ ആശയം. ഇദ്ദേഹത്തിനൊപ്പം ജെ.കെ പ്രൊഡക്ഷന്‍സ് ഡയറക്ടര്‍ ജയകുമാര്‍ വള്ളിക്കാവും മസ്‌കത്തിലെ പ്രമുഖ തീയറ്റര്‍ ഗ്രൂപ്പായ മസ്‌കത്ത് ആര്‍ട്‌സ് സ്ഥാപകന്‍ റിജുറാമും ചേര്‍ന്നാണ് പരിപാടി ഒരുക്കുന്നത്.
മധുവും ഷീലയും പരിപാടിയില്‍ കാണികളുമായി സംവദിക്കും. ഇതോടൊപ്പം ചെമ്മീന്റെ ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകള്‍ കാണികളിലേക്ക് പടര്‍ത്തുന്ന കലാ വിരുന്നുകളും വേദിയില്‍ അവതരിപ്പിക്കും. ഇതിന്റെ ഭാഗമായി സിനിമയുടെ ഇതിവൃത്തം ആസ്പദമാക്കി നാടകം അണിയറയില്‍ ഒരുങ്ങുന്നുണ്ട്. മസ്‌കത്തില്‍ നിന്നുള്ള കലാകാരന്‍മാരാണ് നാടകത്തില്‍ അഭിനയിക്കുന്നതും പിന്നണി രംഗത്തുള്ളതും. മസ്‌കത്തിലെ പ്രവാസി ഗായകര്‍ക്ക് ഒപ്പം ഒമാനി ഗായകന്‍ മുഹമ്മദ് റാഫിയും വേദിയിലെത്തും. ശിഫാ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പാണ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സര്‍. ഒ.കെ മുഹമ്മദലി, റിജുറാം, ശിഫാ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സിദ്ദീഖ് വലിയകത്ത്, ജയകുമാര്‍ വള്ളിക്കാവ്, സാജന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.