ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലേക്ക് പ്രവാസികൾ അയക്കുന്ന തുക വർധിച്ചതായി റിപ്പോർട്ട്
|യുഎഇയില്‍ നിന്ന് ഏറ്റവും കൂടുതല്‍ പണമൊഴുക്ക് ഇന്ത്യയിലേക്കു തന്നെയാണ്
പ്രതികൂല സാമ്പത്തിക സാഹചര്യത്തിലും ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലേക്ക് പ്രവാസികൾ അയക്കുന്ന തുക വർധിച്ചതായി റിപ്പോർട്ട്. യുഎഇയില്‍ നിന്ന് ഏറ്റവും കൂടുതല്‍ പണമൊഴുക്ക് ഇന്ത്യയിലേക്കു തന്നെയാണ്. ഈ പ്രവണത തുടരാൻ തന്നെയാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നു.
മൂന്നു മാസത്തിനിടെ 1,480 കോടി ദിര്‍ഹമാണ് ഇന്ത്യക്കാര്‍ സ്വന്തം നാട്ടിലേയ്ക്ക് അയച്ചത്. മുന്‍ വര്‍ഷത്തെക്കാള്‍ പണമൊഴുക്കിൽ വർധന രൂപപ്പെട്ടതായും യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് പുറത്തുവിട്ട കണക്കു വ്യക്തമാക്കുന്നു. 2017 അവസാന പാദത്തില്‍ യുഎഇയില്‍ നിന്ന് വിദേശരാജ്യങ്ങളിലേക്ക് അയച്ചത് 4,320 കോടി ദിര്‍ഹമാണ്. മുന്‍ വര്‍ഷം ഇതേ കാലയളവുമായി താരതമ്യപ്പെടുത്തിയാൽ 100 കോടി ദിര്‍ഹമിന്റെ വര്‍ധനയാണുള്ളത്.
പാകിസ്താനികളാണ് പണം അയക്കുന്നതില്‍ രണ്ടാം സ്ഥാനത്ത്. മൂന്നു മാസത്തിനിടെ പാകിസ്താനിലേക്ക് 410 കോടി ദിര്‍ഹം അയച്ചതായി റിപ്പോർട്ട് പറയുന്നു. 310 കോടി ദിര്‍ഹമുമായി ഫിലിപ്പീന്‍സുകാരാണ് മൂന്നാം സ്ഥാനത്ത്. ഈജിപ്ത്, ഇംഗ്ലണ്ട്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ പ്രവാസികളാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. വിനിമയ നിരക്കിലെ ആനുകൂല്യവും പണമൊഴുക്കിന്റെ തോത് വര്‍ധിക്കാന്‍ കാരണമായ ഘടകമാണ്.