ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ തെരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥികള്‍ പ്രചാരണച്ചൂടില്‍
|ദമ്മാമിലെ ഇന്ത്യന്‍ സ്‌കൂള്‍ ഭരണ സമിതി തെരഞ്ഞെടുപ്പ് പ്രവാസികള്‍ക്കിടയില്‍ എന്നും വീറും വാശിയും നിറഞ്ഞ ഒന്നാണ്
ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ ഭരണ സമിതി തെരഞ്ഞെടുപ്പിന് ഇനി ഒരു നാള്‍ മാത്രം. തെരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാര്‍ത്ഥികള്‍ പരമാവധി വോട്ടുകള്‍ ഉറപ്പിക്കുന്നതിനായുള്ള പ്രചാരണത്തില്‍. പ്രചാരണം മുഖ്യമായും സാമൂഹ്യ മാധ്യമങ്ങള്‍ വഴിയാണ്. ഒപ്പം പ്രവിശ്യയിലെ മുഖ്യധാരാ സംഘടനാ പരിപാടികള്‍ കേന്ദ്രീകരിച്ചും പ്രചാരണം തകൃതിയായി നടക്കുന്നുണ്ട്.
ദമ്മാമിലെ ഇന്ത്യന്‍ സ്‌കൂള്‍ ഭരണ സമിതി തെരഞ്ഞെടുപ്പ് പ്രവാസികള്‍ക്കിടയില്‍ എന്നും വീറും വാശിയും നിറഞ്ഞ ഒന്നാണ്. അതുകൊണ്ട് തന്നെ നാട്ടിലെ ഒരു മിനി തെരഞ്ഞെടുപ്പിന്റെ എല്ലാ പ്രതീതിയും ഇവിടെ കാണാം. സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചതോടെ പരമാവധി വോട്ടുകള്‍ നേടുന്നതിനുള്ള പ്രചാരണങ്ങള്‍ക്കാണ് തുടക്കമായത്. ഇപ്രവാശ്യം മലയാളികള്‍ക്കിടിയില്‍ നിന്ന് ഒറ്റ സ്ഥാനാര്‍ഥി മാത്രമായതിനാല്‍ മലയാളി സംഘടനകള്‍ക്കിടയില്‍ മല്‍സരമില്ല. എങ്കിലും ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടുന്ന ആളെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെന്നതിനാല്‍ പരമാവധി വോട്ട് നേടാനുള്ള പരിശ്രമത്തിലാണ് ഓരോ സ്ഥാനാര്‍ത്ഥിയും. കേരളത്തെ പ്രതിനിധീകരിച്ച് മല്‍സരിക്കുന്ന സുനില്‍ മുഹമ്മദിന് മലയാളി സംഘടനകളായ കെ.എം.സി.സി. നവോദയ, തനിമ, ഒ.ഐ.സി.സി, നവയുഗം, പ്രവാസി സാംസ്‌കാരിക വേദി തുടങ്ങിയ മുഖ്യധാരാ സംഘടനകളെല്ലാം പിന്തുണ പ്രഖ്യാപിച്ച് പ്രചാരണ രംഗത്തുണ്ട്. ഓരോ സംഘടനകളും അവരവരുടേതായ രീതിയില്‍ പോസ്റ്ററുകളും ലഘുലേഘകളും അടിച്ച് വിതരണം ചെയ്താണ് പ്രചാരണം. വെള്ളിയാഴ്ചയാണ് തെരഞ്ഞെടുപ്പ്. നിലവില്‍ 6700 രക്ഷിതാക്കള്‍ക്കാണ് വോട്ടവകാശമുള്ളത്. ഇതില്‍ പകുതിയിലധികം മലയാളികളാണ്.