പ്രവാസിക്ക് പെരുന്നാളിന് വീട്ടിലെത്താന്‍ വിമാന ടിക്കറ്റിന് അരലക്ഷം രൂപയെങ്കിലും മുടക്കണം
|പെരുന്നാളിന് സാധ്യതയുള്ള ജൂലൈ ആറിന് തൊട്ടുമുന്പുള്ള ദിവസങ്ങളില്‍ 2120 മുതല്‍ 4030 ദിര്‍ഹം വരെയാണ് കേരളത്തിലേക്കുള്ള വണ്‍വേ ഇകോണമി.....
പെരുന്നാള്‍ ദിനത്തിന് തൊട്ടു മുന്പ് നാട്ടിലെത്താന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് കുറഞ്ഞത് അരലക്ഷം രൂപയെങ്കിലും വിമാനടിക്കറ്റിന് വേണം. എന്നാല്‍, ഈ ദിവസങ്ങളില്‍ നാട്ടില്‍ നിന്ന് ഗള്‍ഫിലെത്താന്‍ 15,000 രൂപ മതി. പൊള്ളുന്ന ടിക്കറ്റ് നിരക്ക് ഭയന്ന് നാട്ടില്‍ പെരുന്നാള്‍ ആഘോഷിക്കണമെന്ന ആഗ്രഹം മാറ്റിവെക്കുകയാണ് പ്രവാസികളില്‍ പലരും.
ഇത്തവണ പെരുന്നാള്‍ ഗള്‍ഫില്‍ മതി എന്ന് തീരുമാനിച്ചാല്‍ പല പ്രവാസി കുടുംബങ്ങള്‍ക്കും ലക്ഷങ്ങളാണ് ലാഭം. മാനം മുട്ടുന്ന വിമാന ടിക്കറ്റ് നിരക്കിന് മീതെ പറന്ന് നാട്ടിലെത്തിയാല്‍ പെരുന്നാളുണ്ണാന്‍ പണം കടം വാങ്ങേണ്ടി വരും. പെരുന്നാളിന് സാധ്യതയുള്ള ജൂലൈ ആറിന് തൊട്ടുമുന്പുള്ള ദിവസങ്ങളില്‍ 2120 മുതല്‍ 4030 ദിര്‍ഹം വരെയാണ് കേരളത്തിലേക്കുള്ള വണ്‍വേ ഇകോണമി ക്ളാസ് നിരക്ക്. 38,584 രൂപ മുതല്‍ 73346 രൂപ വരെ. വൺവേ യാത്രക്ക് മാത്രമുള്ള ഈ നിരക്കിനെയും ഇക്കണോമി എന്ന് വിളിക്കുന്നതാണ് കൗതുകകരം.
മൂന്നംഗങ്ങളുള്ള കുടുംബത്തിന് പോലും നാട്ടിലെത്താന്‍ മാത്രം ലക്ഷങ്ങള്‍ വേണം. തിരികെ യാത്രക്ക് വേറെ തുകയും കണ്ടെത്തേണ്ടി വരും. ലണ്ടനിലേക്ക് പോകാന്‍ പകുതി കാശ് മതി എന്നതിനാല്‍ പെരുന്നാള്‍ നിസ്കാരം വെംബ്ലി സ്റ്റേഡിയത്തിലാക്കാം എന്നാണ് ട്രോളന്‍മാരുടെ വിമര്‍ശം. പെരുന്നാള്‍ കഴിഞ്ഞ് തൊട്ടടുത്ത ദിവസങ്ങളില്‍ കേരളത്തിലേക്കുള്ള നിരക്ക് കുത്തനെ താഴ്ന്ന് പകുതിയിലേറെ കുറയുന്നുണ്ട്. ഏകദേശം പതിയ്യായിരം രൂപക്ക് ഈ ദിവസങ്ങളില്‍ കേരളത്തില്‍ നിന്ന് ഗള്‍ഫ് നഗരങ്ങളിലേക്ക് യാത്രചെയ്യാം. അതുകൊണ്ട് പ്രിയപ്പെട്ടവര്‍ അടുത്തില്ലെങ്കിലും ഗള്‍ഫിലെ പെരുന്നാളാണ് പെരുന്നാള്‍ എന്ന് സ്വയം ആശ്വസിക്കുകയാണ് സാധാരണ പ്രവാസി.