Gulf
ഒമാന്‍ ദേശീയ മ്യൂസിയം 30ന് തുറക്കുംഒമാന്‍ ദേശീയ മ്യൂസിയം 30ന് തുറക്കും
Gulf

ഒമാന്‍ ദേശീയ മ്യൂസിയം 30ന് തുറക്കും

Alwyn
|
14 May 2018 3:42 PM GMT

നൂറ്റാണ്ട് പഴക്കമുള്ള മനുഷ്യവാസത്തിന്റെ കഥ പറയുന്ന ചരിത്രശേഷിപ്പുകള്‍ മുതല്‍ ആധുനിക കാലത്തിന്റെ അടയാളപ്പെടുത്തലുകള്‍ വരെ 14 ഗ്യാലറികളിലായാണ് മ്യൂസിയത്തിൽ സജ്ജീകരിച്ചിരിക്കുന്നത്.

സുല്‍ത്താനേറ്റിന്റെ സമ്പന്നമായ ചരിത്ര പൈതൃകങ്ങളുടെ അറിവുകള്‍ പുതുതലമുറക്ക് പകര്‍ന്നുനല്‍കുന്ന ഒമാന്‍ ദേശീയ മ്യൂസിയം ഈ മാസം 30ന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്നു മ്യൂസിയം ഡയറക്ടര്‍ ജമാല്‍ ആല്‍ മൂസാവി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നൂറ്റാണ്ട് പഴക്കമുള്ള മനുഷ്യവാസത്തിന്റെ കഥ പറയുന്ന ചരിത്രശേഷിപ്പുകള്‍ മുതല്‍ ആധുനിക കാലത്തിന്റെ അടയാളപ്പെടുത്തലുകള്‍ വരെ 14 ഗ്യാലറികളിലായാണ് മ്യൂസിയത്തിൽ സജ്ജീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ദേശീയ ദിന സമ്മാനമായ ഒമാന്‍ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ആണ് മ്യൂസിയത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചത്. തുടര്‍ന്ന് മിനുക്കുപണികള്‍ക്കായി മ്യൂസിയം അടച്ചിട്ടിരിക്കുകയായിരുന്നു. സ്വദേശികള്‍ക്കും ജിസിസി പൗരന്‍മാര്‍ക്കും ഒരു റിയാലാണ് പ്രവേശന ഫീസ്. ഒമാനില്‍ താമസക്കാരായ വിദേശികള്‍ക്ക് രണ്ട് റിയാലും വിദേശ സഞ്ചാരികള്‍ക്ക് അഞ്ച് റിയാലുമായിരിക്കും പ്രവേശന ഫീസ്. 25 വയസില്‍ താഴെയുള്ള വിദ്യാര്‍ഥികള്‍, വികലാംഗര്‍, 59 വയസിന് മുകളില്‍ പ്രായമുള്ള സ്വദേശികള്‍ എന്നിവര്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും. ശനിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ മാത്രമായിരിക്കും മ്യൂസിയത്തില്‍ പ്രവേശനം അനുവദിക്കുക. രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം മൂന്ന് മണി വരെ ആയിരിക്കും പ്രവേശന സമയം. 13700 സ്ക്വയര്‍ മീറ്റര്‍ വിസ്തൃതിയുള്ള മ്യൂസിയത്തില്‍ നാലായിരം സ്ക്വയര്‍ മീറ്ററിലാണ് പ്രവേശന ഹാളുകള്‍ സജ്ജീകരിച്ചിരിക്കുന്നത്.

പുരാതന കാലത്ത് വേട്ടക്ക് ഉപയോഗിച്ചിരുന്ന ആയുധങ്ങള്‍, ചെമ്പു പീരങ്കികള്‍, യുദ്ധോപകരണങ്ങള്‍, പുരാതന കാല്‍ ഗോപുരങ്ങള്‍, പുനരാവിഷ്ക്കരിക്കപ്പെട്ട നൗകകള്‍ , പുരാതന കാലം മുതലുള്ള പരമ്പാരാഗത വസ്ത്രങ്ങള്‍ തുടങ്ങി ഏഴായിരത്തോളം അപൂര്‍വ വസ്തുക്കള്‍ സന്ദര്‍ശകര്‍ക്ക് മുന്നില്‍ തുറക്കുക ചരിത്രത്തിന്റെ അറിയപ്പെടാത്ത ഏടുകളായിരിക്കും. പ്രദര്‍ശനഹാളുകള്‍ക്ക് പുറമെ പഠനകേന്ദ്രം, പരിപാലന കേന്ദ്രം, കഫേ, ഗിഫ്റ്റ്ഷോപ്പ് എന്നിവയും ഇതില്‍ ഒരുക്കിയിട്ടുണ്ട്. ഒമാനിലെ ആദ്യ അള്‍ട്രാ ഹൈഡെഫിനിഷന്‍ സിനിമാ ഹാളും മ്യൂസിയത്തിന്റെ ഭാഗമാണ്. ഇവിടെ സന്ദര്‍ശകര്‍ ഒമാന്റെ ചരിത്രാതീത കാലം മുതലുള്ള പൈതൃക പെരുമ പറയുന്ന ഹൃസ്വചിത്രങ്ങള്‍ കാണാം. അറബിക്ക് പുറമെ ഇംഗ്ളീഷ്, ജര്‍മന്‍, ഫ്രഞ്ച് ഭാഷകളിലും കാര്യങ്ങള്‍ വിശദീകരിച്ച് നല്‍കുന്നതിന് ഗൈഡുമാരുടെ സേവനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിവര്‍ഷം ഒന്നര ലക്ഷത്തോളം സഞ്ചാരികളെയാണ് മ്യൂസിയത്തിൽ പ്രതീക്ഷിക്കുന്നതെന്ന് ജമാല്‍ ആല്‍ മൂസാവി പറഞ്ഞു.

Similar Posts